ഭക്ഷണക്രമവും കാൻസറും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ചിലതരം ഭക്ഷണങ്ങൾക്ക് കാൻസർ സാദ്ധ്യത കൂട്ടാനുള്ള കഴിവുണ്ടെന്നാണ് വിദഗ്ദ്ധ അഭിപ്രായം. സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾക്ക് കാൻസറുമായി ബന്ധമുണ്ടെന്ന് പഠനങ്ങളും പറയുന്നു. പായ്ക്കറ്റ് ബ്രഡ്, ബൺ, മധുരം, ഉപ്പ് എന്നിവ ചേർന്ന പായ്ക്കറ്റ് ഭക്ഷണം, സോഡ, മധുരപാനീയങ്ങൾ, സംസ്കരിച്ച മാംസാഹാരം, ഇൻസ്റ്റന്റ് സൂപ്പ്, റെഡി മീൽസ്, പഞ്ചസാര, എണ്ണ, കൊഴുപ്പ് എന്നിവയിൽ പാകപ്പെടുത്തുന്ന ആഹാരം, സംസ്കരിച്ച എണ്ണ എന്നിവയുടെ നിരന്തരമായ ഉപയോഗം കാൻസറിലേക്ക് നയിക്കാം.
ആഴ്ചയിൽ 18 ഔൺസിൽ കൂടുതലുള്ള റെഡ് മീറ്റ് ഉപയോഗം മലാശയ കാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുന്നതായും പഠനങ്ങൾ പറയുന്നു. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കാൻസർ റിസർച്ചിന്റെ പഠനം അനുസരിച്ച് സംസ്കരിച്ച മാംസത്തിന്റെ പതിവായ ഉപയോഗവും ആമാശയം, മലാശയ കാൻസറുകൾക്ക് കാരണമാകും.