തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാത്തതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് റെയിൽവെ. ഇപ്പോഴുള്ള സ്ഥിതിയിൽ മുന്നോട്ട് പോയാൽ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകണമെങ്കിൽ 2021 വരെ കാത്തിരിക്കേണ്ടി വരുമെന്നും ദക്ഷിണ റെയിൽവെ മാനേജർ എം.പിമാരുടെ യോഗത്തിൽ അറിയിച്ചു.
ആലപ്പുഴ വഴിയുള്ള പാതയില്‍ അമ്പലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിൽ പാത ഇരട്ടിപ്പിക്കല്‍ അനിശ്ചിതത്വത്തിലാണെന്നും ചെലവിന്റെ പകുതി വഹിക്കാന്‍ സമ്മതമല്ലെന്ന് കേരളം അറിയിച്ചതുകൊണ്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം സൗത്ത് എന്നീ നാല് സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത് സംബന്ധിച്ച് റെയിൽവെയുടെ പരിഗണനയിലുണ്ട്. പാലക്കാട് പിറ്റ്‌ലൈൻ സ്ഥാപിക്കും. മംഗലാപുരത്തുനിന്നും എറണാകുളത്തുനിന്നുമായി രാമേശ്വരത്തേക്ക് രണ്ടു പുതിയ തീവണ്ടികൾ അനുവദിച്ചതായും എം.പി.മാരെ അറിയിച്ചു.
റെയിൽവെ മന്ത്രി പീയൂഷ് ഗോയലിന്റെ നിർദേശമനുസരിച്ചാണ് ദക്ഷിണ റെയിൽവെ ജനറൽ മാനേജർ രാഹുൽ ജെയിൻ എം.പി.മാരുടെ യോഗം വിളിച്ചത്. യോഗത്തിൽ വയനാട് എം.പി രാഹുൽ ഗാന്ധി എത്തിയില്ല. ഓരോ എംപിമാരും നേരത്തെ നിർദേശങ്ങൾ നൽകിയിരുന്നു. അത്തരത്തിൽ നിലമ്പൂരിൽ നിന്ന് നഞ്ചൻകോട് വഴി വയനാട്ടിലേക്ക് റെയിൽവെ ലൈൻ വേണമെന്ന് രാഹുൽ ഗാന്ധി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് റെയിൽവെ ബോർഡ് അനുമതി നൽകിയിട്ടില്ലെന്ന് യോഗത്തിൽ അധികൃതർ വ്യക്തമാക്കി.