heavy-rain

മുംബൈ: മുംബയിലെ സ്‌കൂളുകള്‍ക്കും ജൂനിയർ കോളേജുകൾക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

'കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് മുംബയ്, താനെ, കൊങ്കണ്‍ മേഖലകളിലുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ പ്രാദേശികാടിസ്ഥാനത്തില്‍ തീരുമാനമെടുക്കും'- മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി അഷിഷ് ഷെലാര്‍ ട്വീറ്റ് ചെയ്തു.

ഈ കാലവർഷത്തിൽ മുംബയിൽ കനത്ത മഴ ലഭിച്ചിരുന്നു, ഇത് വിമാനങ്ങൾ വൈകാനും ഗതാഗതക്കുരുക്കിനും കാരണമായി. കൂടാതെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. ജൂൺ മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന മഴക്കാലത്ത് നഗരത്തിൽ സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകാറുണ്ട്.