തിരുവനന്തപുരം: ഓണം കഴിഞ്ഞതോടുകൂടി സംസ്ഥാനത്ത് വാഹന പരിശോധന വീണ്ടും കർശനമാക്കാൻ ഗതാഗതവകുപ്പിന്റെ നിർദേശം. പിഴ ഈടാക്കുന്നതുമായി സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമലംഘനം നടത്തുന്ന കേസുകൾക്ക് പിഴ ചുമത്താതെ കോടതിക്ക് വിടാനാണ് നിർദേശം നൽകി. ഇതോടൊപ്പം ബോധവൽക്കരണവും ശക്തമാക്കും. പിഴത്തുകയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയശേഷം വാഹന പരിശോധന ആരംഭിക്കാമെന്ന നിലപാടിലായിരുന്നു സംസ്ഥാനം. എന്നാൽ, വാഹനപരിശോധന അവസാനിപ്പിച്ചതോടെ നിയമലംഘനങ്ങൾ കൂടി. ഇതാണ് വീണ്ടും പരിശോധനകൾ ആരംഭിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
പരിശോധന കർശനമായി തുടരുമെങ്കിലും പിഴ ഈടാക്കാതെ ഓരോ ദിവസത്തെയും കേസുകളുടെ കണക്കെടുത്ത് ഗതാഗതസെക്രട്ടറി കോടതിയെ അറിയിക്കാനാണ് തീരുമാനം. പിഴയിൽ പല നിർദ്ദേശങ്ങൾ സംസ്ഥാനത്തിന് മുന്നിലുണ്ട്. കോടതിയെ അറിയിക്കാതെ പരിശോധനക്കിടെ തന്നെ കോമ്പൗണ്ട് ചെയ്‍ത് നിശ്ചയിക്കുന്ന പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന നിർദ്ദേശവും പരിഗണനയിലാണ്.
എന്നാൽ, കേന്ദ്രം വീണ്ടും ഉത്തരവ് പുതുക്കിയിറക്കുമ്പോൾ ചില ഇനങ്ങളിൽ മാത്രം സംസ്ഥാനം നിശ്ചയിക്കുന്ന പിഴത്തുക നിലനിൽക്കില്ലെന്ന നിയമസെക്രട്ടറി സർക്കാറിന് നൽകിയിരിക്കുന്നത്. കേന്ദ്ര മോട്ടർവാഹന നിയമഭേദഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഗതാഗതമന്ത്രിയും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം 21ന് ചേരും.