കൊച്ചി: പൊളിച്ചു മാറ്റാൻ സുപ്രീംകോടതി നിർദേശിച്ച മരടിലെ ഫ്ലാറ്റ് പൊളിച്ച് നീക്കാൻ സുപ്രീംകോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഫ്ളാറ്റ് പൊളിക്കൽ നടപടിയെ ചോദ്യം ചെയ്ത് ഫ്ലാറ്റ് ഉടമ ഹെെക്കോടതിയിൽ ഹർജി നൽകി. നഗരസഭ നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി. ഫ്ളാറ്റിൽ നിന്ന് ഒഴിയാൻ നിർദേശിച്ച് അഞ്ച് ദിവസത്തെ സമയപരിധിയാണ് നഗരസഭ ഫ്ളാറ്റിലെ താമസക്കാർക്ക് നൽകിയത്. ഈ നോട്ടീസിന്റെ സമയപരിധി അവസാനിച്ചതോടെ, താൽകാലിക പുനരധിവാസ സൗകര്യം ആവശ്യമുള്ളവർ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ മറ്റൊരു നോട്ടീസ് കൂടി പതിച്ചിരുന്നു. അതിന്റേയും സമയപരിധി അവസാനിച്ചു.
375 കുടുംബങ്ങളാണു ഫ്ലാറ്റുകളിലുള്ളത്. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാർപ്പിക്കും എന്നതിലും തീരുമാനമായിട്ടില്ല. നഗരസഭ സെക്രട്ടറിയുടെ ഒഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഹർജി സമർപ്പിക്കുന്ന കാര്യത്തിൽ ഫ്ലാറ്റ് ഉടമകളിലും ആശയക്കുഴപ്പം തുടരുകയാണ്. ഈ മാസം ഇരുപതിനകം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കി റിപ്പോർട്ട് നൽകാനാണ് സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. സമയപരിധി നാളെ അവസാനിക്കാനിരിക്കെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഏത് വിധത്തിൽ വേണമെന്ന കാര്യത്തിലാണ് ആശയക്കഴപ്പം തുടരുന്നത്.
അതേസമയം, മരട് ഫ്ലാറ്റ് കേസിൽ കേരളത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയിൽ ഹാജരാകാൻ സാദ്ധ്യതയില്ലെന്നും റിപ്പോർട്ടുണ്ട്. സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള നിർദ്ദേശത്തിനെതിരെ ഹാജരാകാനാകില്ലെന്ന് തുഷാർ മേത്ത സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനെ അറിയിച്ചതായാണ് വിവരം. തുഷാർ മേത്തയുടെ ഉപദേശപ്രകാരമാണ് മരടിലെ ഫ്ളാറ്റുകളിൽ നോട്ടീസ് പതിച്ചത്.
മുതിർന്ന അഭിഭാഷകനും നിയമ വിദഗ്ദ്ധനുമായ ആർ.വെങ്കട്ടരമണിയെ മരട് കേസിൽ ഹാജരാക്കാ ൻ സർക്കാർ തീരുമാനിച്ചതായും അറിയുന്നു. അതിനിടെ തീരദേശ നിയമങ്ങൾ ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം രണ്ട് മാസത്തിനുള്ളിൽ പൊളിച്ചുനീക്കാമെന്ന് കാട്ടി ബംഗളൂരു ആസ്ഥാനമായ കമ്പനി സുപ്രീം കോടതിയെ സമീപിച്ചു. കോടതി അനുവദിക്കുകയാണെങ്കിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങാമെന്നും ആക്യൂറേറ്റ് ഡെമോലിഷേഴ്സ് എന്ന കമ്പനി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഫ്ലാറ്റ് പൊളിച്ചുനീക്കാനായി ടെണ്ടർ വിളിച്ചെങ്കിലും സർക്കാർ നടപടികളിൽ പുരോഗതിയില്ല. ഫ്ലാറ്റ് മുഴുവനായി പൊളിച്ചുനീക്കാൻ ഏതാണ്ട് 30 കോടി ചെലവ് വരും. മലിനീകരണം ഇല്ലാതെ ഫ്ലാറ്റ് പൊളിച്ചുനീക്കാമെന്നും കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്.