to-sooraj

കൊച്ചി : പാലാരിവട്ടം ഫ്‌ളൈഓവർ അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വെട്ടിലാക്കി വീണ്ടും ടി.ഒ സൂരജ്. പാലാരിവട്ടം പാലം നിർമാണത്തിന് പണം മുൻകൂറായി നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തൽ ആവർത്തിച്ച് പൊതുമരാമത്ത് മുൻ സെക്രട്ടറി. കൊച്ചിയിൽ നടക്കുന്ന വിജിലൻസ് ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കാൻ എത്തിയപ്പോഴാണ് വെടിപൊട്ടിച്ചത്.

പ്രതിപ്പട്ടികയിലുള്ള മുഹമ്മദ് ഹനീഷും പുതിയ വെളിപ്പെടുത്തലിൽ കുരുങ്ങി. പണം മുൻകൂറായി നൽകാൻ ശുപാർശ ചെയ്തത് അന്നത്തെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷ് ആയിരുന്നെന്നാണ് ടി.ഒ സൂരജിന്റെ ആരോപണം. താൻ നിരപരാധിയാണെന്നും അഴിമതിപ്പണം കൈപ്പറ്റിയിട്ടില്ലെന്നും സൂരജ് പറയുന്നു. ജാമ്യാപേക്ഷയിൽ ഉന്നയിച്ച കാര്യങ്ങൾ സൂരജ് ആവർത്തിച്ചതോടെ ഫ്‌ളൈഓവർ അഴിമതിക്കേസിൽ വീണ്ടും വിജിലൻസിന് മുന്നിൽ ഹാജരാകാനിരിക്കുന്ന ഇബ്രാഹിം കുഞ്ഞിന് ഇത് തിരിച്ചടിയായി. പാലം നിർമാണത്തിനുള്ള ഭരണാനുമതി മാത്രമാണ് താൻ നൽകിയതെന്നാണ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നത്.

ഫ്‌ളൈ ഓവർ നിർമ്മിച്ച സ്വകാര്യ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ അനുമതി നൽകിയത് ഇബ്രാഹിം കുഞ്ഞാണെന്നാണ് ടി.ഒ. സൂരജ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർ.ഡി.എസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ്. എന്നാൽ ആ തീരുമാനം താൻ എടുത്തതല്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് സത്യവാങ്മൂലത്തിലുണ്ട്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ, താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി.ഒ സൂരജ് വ്യക്തമാക്കുന്നു. പലിശ കുറച്ച് കരാറുകാരന് മുൻകൂർ പണം നൽകിയതിനായിരുന്നു തന്റെ അറസ്റ്റ്. കേസിൽ നിർണായക വഴിത്തിരിവായ വെളിപ്പെടുത്തൽ കൂടിയായതിനാൽ വിജിലൻസ് അന്വേഷണം ഇപ്പോൾ ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിക്കുകയാണ്.

അതേസമയം, കേസിൽ നേരത്തെ ചോദ്യം ചെയ്ത പ്രതികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അക്കമിട്ട് നിരിത്തി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് ഒരുങ്ങുന്നത്. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ, വിളിച്ച് വരുത്തിയാണോ നേരിട്ട് ചെന്നാണോ ചോദ്യം ചെയ്യുകയെന്നതടക്കം ഇപ്പോൾ പുറത്ത് വിടാനാകില്ലെന്ന് വിജിലൻസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് വിജിലൻസ് തീരുമാനം. അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതോടെ പ്രതികളെ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് അവധിയായതിനാലാണ് ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.