ന്യൂഡൽഹി: ഇ-സിഗരറ്റിന്റെ നിർമ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി, ഇ- സിഗരറ്റിന്റെ പരസ്യങ്ങൾ എന്നിവയെല്ലാം നിരോധിച്ചെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്‌തു. അതേസമയം എന്താണ് ഇ-സിഗരറ്റ് എന്ന് അറിയാത്ത നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്.
എന്താണ് ഇ-സിഗരറ്റ്
സാധാരണ സിഗരറ്റിനെപ്പോലെ വലിക്കാൻ പറ്റുന്ന ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുമ്പോൾ പുകയില കത്തില്ല. പകരം നിക്കോട്ടിൻ അടങ്ങിയ ഒരു ദ്രാവകമാണ് ഉപയോഗിക്കുന്നത്. ബാറ്ററി ഉപയോഗിച്ച് ഈ ദ്രാവകം ചൂടാക്കും. അപ്പോൾ ഏറോസോൾ എന്ന രാസവസ്തു ഉണ്ടാകും. ആവി പോലുള്ള ഇതാണ് വലിക്കുന്നത്. ഇത് സിഗരറ്റിന്റെ പുകപോലെ അനുഭവപ്പെടും, കൂടാതെ നിക്കോട്ടിന്റെ ഫലവും കിട്ടും. ഇതിന്റെ ബാറ്ററി റീ ചാർജ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം.
ആരോഗ്യത്തെ എങ്ങനെ ബാധിക്കും
ഇ-സിഗരറ്റിലും സാധാരണ സിഗരറ്റിലേത് പോലെ നിക്കോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ അത് ആരോഗ്യത്തിന് ഭീഷണിയാണ്. ശുദ്ധമായ നിക്കോട്ടിൻ 30-60 മില്ലിഗ്രാം മനുഷ്യ ശരീരത്തിലെത്തിയാൽ മരണം വരെ സംഭവിക്കാം. അമേരിക്കയിൽ ഏഴ് പേർ ഇ - സിരഗറ്റ് കാരണം മരിച്ചതായി റിപ്പോർട്ട് ഉണ്ട്.
കൂടാതെ ശ്വാസകോശ രോഗങ്ങൾ പ്രമേഹം,ഹൃദയപ്രശ്നങ്ങൾ, നേത്ര പ്രശ്നങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങളും ഇതിനുണ്ട്. സിഗരറ്റിൽ നിന്ന് മുക്തമാവുക എന്ന ഉദ്ദേശ്യത്തോടെയാണ് പല യുവാക്കളും ഇ - സിഗരറ്റിനെ ആദ്യം ആശ്രയിച്ചത്. ആ രീതിയിൽ അതിന് സ്വീകാര്യതയും ലഭിച്ചു. എന്നാൽ സിഗരറ്റിനെ അതിജീവിക്കാൻ ഇ-സിഗരറ്റിനെ ആശ്രയിച്ചവർ വലിയ രീതിയിൽ ഇതിനും അടിമപ്പെടുകയായിരുന്നു. സാധാരണ സിഗരറ്റില്‍ നിന്നും അകത്തേക്കെത്തുന്ന സിഗരറ്റിന്റെ ഇരട്ടിയോളമാണ് ഒരു ഇ-സിഗരറ്റില്‍ നിന്നും കിട്ടുക.