കോഴിക്കോട്: സി.ഐ.ടി.യു പ്രവർത്തകരുടെ ഗുണ്ടായിസത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ 10 സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. എലത്തൂരിൽ ഓട്ടോ ഡ്രൈവറായ രാജേഷിന്റെ ആത്മഹത്യ ശ്രമത്തെ തുടർന്നാണ് സി.പി.എം നേതാക്കൾ ഉൾപ്പെട്ട പത്തംഗ സംഘത്തെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
സംഭവം ഇങ്ങനെ-
രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. പെർമിറ്റ് അടക്കമുള്ളവ ശരിയാക്കി ഓട്ടോയുമായി സ്റ്റാൻഡിലെത്തിയ അന്നു മുതൽ മറ്റു ഓട്ടോ ഡ്രൈവർമാരുമായി തർക്കത്തിലായി. രാജേഷിന്റെ ഓട്ടോറിക്ഷ അവിടെ ഓടിക്കാൻ അനുവദിക്കില്ലെന്നായിരുന്നു സി.ഐ.ടി.യു പ്രവർത്തകരായ മറ്റ് ഓട്ടോക്കാരുടെ ഭീഷണി. സ്റ്റാൻഡിൽ ഓട്ടോ ഇടാൻ പോലും ഇവർ അനുവദിച്ചില്ല. എന്നാൽ രാജേഷ് ഇത് അവഗണിച്ചു. നാല് ദിവസം മുമ്പ് രാജേഷിനെ വഴിയിൽ തടഞ്ഞുവച്ച് ഒരു സംഘം ഓട്ടോ ഡ്രൈവർമാർ മർദിച്ചു. രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം.
എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന രാജേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും അന്വേഷണം ഊർജിതമല്ലെന്നാണ് രാജേഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.