തിരുവനന്തപുരം: പാലാരിവട്ടം ഫ്‌ളൈ ഓവർ അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഉടൻ അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന. കേസിൽ അറസ്‌റ്റിലായ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായി മാറിയിരിക്കുന്നത്. ഫ്‌ളൈ ഓവർ നിർമ്മിച്ച സ്വകാര്യ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ അനുമതി നൽകിയത് ഇബ്രാഹിം കുഞ്ഞാണെന്നാണ് ടി.ഒ. സൂരജ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർ.ഡി.എസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ്. എന്നാൽ ആ തീരുമാനം താൻ എടുത്തതല്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്നാണ് സൂരജ് സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പല നിർണായക വിവരങ്ങളും വിജിലൻസിന് കിട്ടിക്കഴിഞ്ഞു. ഇതിന് പുറമെ നിർണായകമായ ചില വിവരങ്ങളും വിജിലൻസിന് ലഭിച്ചതായാണ് വിവരം. കേസിൽ നേരത്തെ ചോദ്യം ചെയ്ത പ്രതികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അക്കമിട്ട് നിരിത്തി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് ഒരുങ്ങുന്നത്. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ, വിളിച്ച് വരുത്തിയാണോ നേരിട്ട് ചെന്നാണോ ചോദ്യം ചെയ്യുകയെന്നതടക്കം ഇപ്പോൾ പുറത്ത് വിടാനാകില്ലെന്ന് വിജിലൻസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് വിജിലൻസ് തീരുമാനം. എം.എൽ.എഹോസ്റ്റലിലാണ് ഇബ്രാഹിംകുഞ്ഞ് ഇപ്പോഴുള്ളത്.
അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന ടി.ഒ സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതോടെ പ്രതികളെ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് അവധിയായതിനാലാണ് ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.