-psc-exam

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ കൂടുതൽ വിദ്യാർത്ഥികൾ പ്രതികളാവാൻ സാദ്ധ്യത. ചോദ്യപേപ്പർ ചോർത്തിയതിലും ഉത്തരങ്ങൾ പറഞ്ഞു നൽകിയതിലും കൂടുതൽപേർക്ക് പങ്കുണ്ടെന്ന് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ മുൻ യൂണിറ്റ് കമ്മിറ്റി അംഗവും പി.എസ്.സി പട്ടികയിലെ രണ്ടാം റാങ്കുകാരനുമായ പി.പി പ്രണവ് സമ്മതിച്ചു. എന്നാൽ, അവരുടെ പേര് വെളിപ്പെടുത്താൻ തയ്യാറാകാത്തതിനാൽ പ്രണവിനെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ സുഹൃത്തായ ഒരു വിദ്യാർത്ഥിയാണ് ചോദ്യപേപ്പർ പുറത്തെത്തിച്ചതെന്നും മറ്റ് ചില സുഹൃത്തുകൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചെന്നും പ്രണവ് സമ്മതിച്ചു.

26 വയസാകാറായതിനാൽ ഇനിയും വൈകിയാൽ പൊലീസിൽ ജോലി ലഭിക്കില്ലായെന്നതും പഠിച്ച് എഴുതിയാൽ ജയിക്കില്ലെന്ന് ഉറപ്പുള്ളതുമാണ് തട്ടിപ്പിനേക്കുറിച്ച് ആലോചിക്കാൻ കാരണമെന്നും പ്രണവ് പറഞ്ഞു. ശിവരഞ്‌ജിത്തിന്റെ കൈവശം സ്മാർട് വാച്ചുണ്ടായിരുന്നതിനാൽ അതുപയോഗിച്ച് തട്ടിപ്പ് ആസൂത്രണം ചെയ്തെന്നും പ്രതി വ്യക്തമാക്കി. ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പും ചോദ്യംചെയ്യലും തുടരുകയാണ്. പ്രണവാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രണം എന്ന് മറ്റ് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, പി.എസ്.സി ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാരിനോട് ഹെെക്കോടതി വിശദീകരണം തേടിയിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. കേസ് ഗൗരവതരമെന്ന് ഹെെക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം,​ കേസ് ഏറ്റെടുക്കുന്നതിൽ കോടതി സി.ബി.ഐയുടെ നിലപാട് തേടിയിട്ടുണ്ട്. എന്നാൽ, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.