ദക്ഷിണേന്ത്യയിൽ ശിഥിലീകരണത്തിന്റെ വേരുകൾ 1940കളിലും 60കളിലും ആഴത്തിൽ പാകിയത് ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളായിരുന്നു. ഒരു ഭാഷയ്ക്കുവേണ്ടി മാത്രം വാദിക്കുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകതയായ നാനാത്വത്തിൽ ഏകത്വത്തിന് എതിരാണ്.
ഹിന്ദി ആയിരിക്കും ഇന്ത്യയുടെ ഭരണഭാഷയെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. 1950ൽ ഭരണഘടന എഴുതപ്പെട്ടെങ്കിലും 1965 ജനുവരി 26 വരെ ഇംഗ്ലീഷ് ഭരണഭാഷ ആയിരിക്കുമെന്നും ശേഷം ഹിന്ദിയിലേക്ക് മാറണമെന്നുമായിരുന്നു നിർദ്ദേശം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എതിർപ്പ് ശക്തമായപ്പോൾ 1967ലെ നിയമപ്രകാരം ഇംഗ്ലീഷ്കൂടി ഭരണഭാഷയായി തുടരാൻ തീരുമാനിക്കുകയായിരുന്നു. 1976ലെ ഔദ്യോഗിക ഭാഷാ നിയമപ്രകാരം ചില നിബന്ധനകൾ കൂടി മുന്നോട്ടുവച്ചു. ഓരോ സംസ്ഥാനത്തിനും തങ്ങളുടെ ഭരണഭാഷ ഏതെന്നു തീരുമാനിക്കാമെന്നതായിരുന്നു അതിൽ പ്രധാനം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ പ്രകാരം 22 ഭാഷകളെ ഔദ്യോഗിക ഭാഷ ആക്കിയിട്ടുണ്ട്. എന്നാൽ ദേശീയതലത്തിൽ ഹിന്ദിയും ഇംഗ്ലീഷുമാണ് ഔദ്യോഗിക ഭാഷകൾ. മദ്ധ്യപ്രദേശും ഡൽഹിയും മാത്രമാണ് ഹിന്ദിമാത്രം ഔദ്യോഗികഭാഷയായി സ്വീകരിച്ചത്. ബീഹാറിലും ഉത്തർപ്രദേശിലും ഹിന്ദിക്കൊപ്പം ഉറുദുവും ഛത്തീസ്ഗഡിൽ ഛത്തിഗാർഹിയും ഹരിയാനയിൽ പഞ്ചാബിയും ഹിമാചലിൽ ഇംഗ്ലീഷും ഉത്തരാഖണ്ഡിൽ സംസ്കൃതവും ഉപയോഗിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലാകട്ടെ മാതൃഭാഷ മാത്രമാണ് ഔദ്യോഗിക ഭാഷ. 57 ലോകരാജ്യങ്ങളിൽ ഒന്നിലേറെ ഭാഷകൾ ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നുണ്ട്. 11 ഭാഷകളുള്ള സൗത്ത് ആഫ്രിക്കയാണ് ഇതിൽ ഏറ്റവും മുന്നിൽ. പപ്പുവാ ന്യൂഗുനിയ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നാലു ഭാഷകളുണ്ട്. ന്യൂസിലാൻഡും ഫിജിയും ഉൾപ്പെടെ 12 രാജ്യങ്ങളിൽ മൂന്നു ഭാഷകളും ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും അയർലൻഡും ഉൾപ്പെടെ 40 രാജ്യങ്ങളിൽ രണ്ടു ഭാഷകളും ഔദ്യോഗിക ഭാഷയാണ്. ഈ നിരയിൽ നിന്ന് ഇന്ത്യയെ പുറത്തു ചാടിച്ച് സങ്കുചിതമായ ഭാഷാമൗലികവാദങ്ങളുടെ കൂട്ടത്തിലേക്കു മാറ്റി പ്രതിഷ്ഠിക്കാൻ മാത്രമേ ഹിന്ദി വാദം ഉപകരിക്കൂ.
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 43.63 ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. തനത് ഹിന്ദി മാതൃഭാഷയായിട്ടുള്ളത് 25 ശതമാനത്തിന് മാത്രമാണ്. ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തിനെതിരെ മുൻപും സമരങ്ങളുണ്ടായിട്ടുണ്ട്. തമിഴ്നാട്ടിലായിരുന്നു ഇത് ഏറ്റവും ശക്തം. 1938ലാണ് തമിഴ്നാട്ടിൽ സമരം തുടങ്ങിയത്. 1271 പേരാണ് അറസ്റ്റു വരിച്ചത്. 73 പേർ സ്ത്രീകളായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധ വിഷയമാക്കി ഒന്നിലേറെ തവണ ഉത്തരവിറക്കിയെങ്കിലും ശക്തമായ പ്രക്ഷോഭങ്ങളെത്തുടർന്ന് പിൻവലിച്ചു.
സ്വാതന്ത്ര്യത്തിനു ശേഷവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രക്ഷോഭങ്ങൾ അടങ്ങാതെ വന്നപ്പോൾ ഹിന്ദിക്കൊപ്പം ഇംഗ്ലീഷും 1965 വരെ ഔദ്യോഗിക ഭാഷയായി തുടർന്നു. അൻപതുകളിൽ ഡി.എം.കെ രൂപീകൃതമായപ്പോൾ സമരം അവർ ഏറ്റെടുത്തു. 1965ൽ ഭാഷയുടെ പേരിലുണ്ടായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഏഴുപേരാണ് തമിഴ്നാട്ടിൽ തീകൊളുത്തി ആത്മാഹുതി ചെയ്തത്. സർവകലാശാല വിദ്യാർത്ഥികൾ സമരരംഗത്തിറങ്ങി. പൊലീസ് വെടിവയ്പ് പലയിടത്തുമുണ്ടായി. നൂറിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. സമരത്തെ അടിച്ചമർത്താനുള്ള കേന്ദ്രനീക്കത്തെ തുടർന്ന് തമിഴ്നാട്ടിൽ കോൺഗ്രസിനെതിരായ ജനവികാരം ശക്തമായി. 67ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടിയതിനും ഡി.എം.കെ വൻവിജയം നേടിയതിനും പ്രധാന കാരണം ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കമായിരുന്നു. പിന്നീടൊരിക്കലും കോൺഗ്രസിന് അധികാരത്തിലെത്താനായിട്ടില്ല. ഹിന്ദി നിർബന്ധ ഭാഷയാക്കിയ നടപടി 68ൽ റദ്ദാക്കുകയും ചെയ്തു. പലർക്കും ഭാഷ വികാരമാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുന്ന സമ്പ്രദായം കേരളം പോലെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമേയുള്ളൂ. എന്നാൽ ഹിന്ദിയിൽത്തന്നെ എഴുതുകയും സംസാരിക്കുകയും ചെയ്താലേ ഇന്ത്യ ഒന്നാകുകയുള്ളൂവെന്ന നിർബന്ധ ബുദ്ധി തലതിരിഞ്ഞതാണ്. വിഭജന ചിന്ത വളർത്തുന്നതിനാണ് ഭാഷാ തീവ്രവാദം വഴിതെളിക്കുക.
സ്വാഭാവികമായി വളർന്നുവരുന്നതിനു പകരം അടിച്ചേൽപിക്കലിലൂടെ വളർത്താൻ ശ്രമിച്ചാൽ അതു ചിലപ്പോൾ ആ ഭാഷയുടെ നാശത്തിനായിരിക്കും കാരണമാകുക. അടിച്ചേൽപിക്കപ്പെടുന്ന ഒന്നും സന്തോഷത്തോടെ സ്വീകരിക്കാൻ ആർക്കും സാധിച്ചെന്നു വരില്ല. ജനതയെ ഒരുമിപ്പിക്കലല്ല വിഭജിക്കലാണ് ഇതിലൂടെ സംഭവിക്കുക. അതല്ല, വികാരങ്ങളെ ആളിക്കത്തിച്ച് ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢതന്ത്രമാണിതെങ്കിൽ ഒന്നും പറയാനില്ല.
(ലേഖകൻ ഫാക്ട് മുൻ സി.എം.ഡിയാണ് )