തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യത പുറത്തുവന്നതിനുപിന്നാലെ ഇബ്രാഹിം കുഞ്ഞ് എവിടെയാണെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നു. മൊബെെൽ ഫോണുകൾ ഓഫാക്കിയതായും കൊച്ചിയിലെ വീട്ടിലും ഓഫീസിലും എത്തിയില്ലെന്നുമാണ് പുറത്തുവരുന്ന വിവരം.
പ്രളയദുരിതം പഠിക്കാനെത്തിയ കേന്ദ്രസംഘത്തിനൊപ്പമാണ് രാവിലെ പതിനൊന്നരയോടെ അദ്ദേഹം കുന്നുകരയിലെത്തിയത്. അവിടെ നിന്ന് മടങ്ങിയശേഷമാണ് മൊബൈലിൽ അദ്ദേഹത്തെ കിട്ടാതായത്. ഇന്നലെ രാത്രിയാണ് അദ്ദേഹം കൊച്ചിയിലേക്ക് പോയത്. കുന്നുകരയിലെ പരിപാടിക്ക് ശേഷം അദ്ദേഹം കൊച്ചിയിലെ ഓഫീസിലേക്കും വീട്ടിലേക്കും എത്തിയിട്ടില്ലെന്നാണ് വിവരം.
പാലം നിർമ്മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് എതിരായിരിക്കുന്നത്. ടി.ഒ സൂരജ് ഒപ്പിട്ട ഫയലുകൾ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് കണ്ടിരുന്നുവെന്ന് വിജിലൻസ് സംഘത്തിന് ബോദ്ധ്യപ്പെട്ടു. ഇതിന് പുറമെ നിർണായകമായ ചില വിവരങ്ങളും വിജിലൻസിന് ലഭിച്ചതായാണ് വിവരം. അറസ്റ്റ് കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. വി.കെ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ ഒരുതവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാനുമാണ് നീക്കമെന്നാണ് റിപ്പോർട്ട്.