റായ്പൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കാറിന് തീപിടിക്കാൻ കാരണം എലികളാണെന്ന് പൊലീസ് പറഞ്ഞു. ഛത്തീസ്ഖണ്ഡിൽ ബുധനാഴ്ചയാണ് സംഭവം. വിഷ്ണു സഹു എന്ന വ്യക്തിയുടെ കാറാണ് കത്തി നശിച്ചത്.
വാഹനത്തിന്റെ ഫ്യൂസ് ബോക്സിനുള്ളിലെ ഇൻസുലേഷൻ വയറുകൾ എലി കരണ്ടു. ഇതിനെത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ പ്രദേശത്ത് എലി ശല്യം രൂക്ഷമാണെന്നും, ഇവ ഉപകരണങ്ങളും വയറുകളും കരണ്ട് നശിപ്പിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
ബുധനാഴ്ച രാവിലെ വീടിന് മുന്നിലൂടെ പോയവരാണ് കാർ കത്തുന്നത് കണ്ടത്. നാട്ടുകാർ ബഹളംവച്ചെങ്കിലും വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്ന വിഷ്ണു ഇതൊന്നും അറിഞ്ഞില്ല. കുറച്ച് സമയത്തിന് ശേഷമാണ് കാറിന് തീപിടിച്ച കാര്യം ഇയാൾ അറിയുന്നത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.