dog

തൃശൂർ: വളർത്തുനായയെ ഭക്ഷണവും വെള്ളവും നൽകാതെ രണ്ടാഴ്ച വീട്ടുമുറിയിൽ പൂട്ടിയിട്ട് ഉടമസ്ഥന്റെ കൊടുപം ക്രൂരത. സംഭവത്തിൽ ഉടമസ്ഥയ്ക്കെതിരെ പൊലീസ് കേസെടുത്തു. കാര്യാട്ടുകര പ്രശാന്തി നഗറിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നെടുപുഴ തയ്യിൽ വീട്ടിൽ ബിസിലിക്കെതിരെയാണ് (40) മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്തത്.

ഷിറ്റ്സു എന്ന ജപ്പാനീസ് ബ്രീഡിൽപെട്ട നായയ്ക്ക് ഒരു വയസുണ്ട്. രണ്ടാഴ്ചയായി നിറുത്താതെ കുരയ്ക്കുന്നത് കേട്ട നാട്ടുകാരുടെ പരാതിപ്രകാരം മൃഗസ്‌നേഹി സംഘടനയായ പോസിന്റെ പ്രവർത്തക ചെമ്പൂക്കാവ് നെടുമങ്ങാട്ട് വീട്ടിൽ പ്രീതി ശ്രീവത്സൻ ഇടപെടുകയായിരുന്നു. വെസ്റ്റ് പൊലീസിന്റെ സഹായത്തോടെ പ്രീതി വീട്ടിലെത്തി. ഈ സമയത്ത്‌ ബിസിലി വീട്ടിലുണ്ടായിരുന്നെങ്കിലും ആദ്യം വാതിൽതുറക്കാൻ തയ്യാറായില്ല.

പൊലീസ് ഇടപെട്ട് നായയെ പൂട്ടിയിട്ട മുറി നിർബന്ധിച്ച് തുറപ്പിച്ചു. മുറിയിൽ വിസർജ്ജിച്ച് വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു നായ. മൃതപ്രായമായ നായയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചത്തു. ബിസിലി നാട്ടുകാരുമായി അധികം ഇടപഴകാറില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ചയോളം വീട് പൂട്ടിയിട്ട് ബിസിലി എവിടേക്കാണ് പോയതെന്നും വ്യക്തമാക്കിയിട്ടില്ല. വീട്ടുടമയുമായി ഇവർ തർക്കത്തിലായിരുന്നു. പ്രീതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നായയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മണ്ണുത്തി വെറ്ററിനറി കോളേജിലെ മൃഗാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു.