manmohan-singh

ലണ്ടൻ: കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പാക് പിന്തുണയോടെയുള്ള തീവ്രവാദത്തെ ചെറുക്കുവാൻ വേണ്ടി വന്നാൽ പാകിസ്ഥാനുമായി യുദ്ധത്തിന് പോലും മടിക്കില്ലെന്ന് സർക്കാരും കരസേന മേധാവിയുമൊക്കെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബലാകോട്ട് തിരിച്ചടിക്ക് ശേഷം മോദി സർക്കാരിന്റെ ധൈര്യത്തെ പുകഴ്ത്തി നിരവധിപേർ രംഗത്തെത്തിയിരുന്നു.

മുമ്പും രാജ്യത്ത് ഇത്തരത്തിലുള്ള ആക്രമണമുണ്ടായപ്പോൾ മൻമോഹൻ സിംഗ് ഒന്നും ചെയ്തില്ലെന്ന് കാണിച്ച് വിമർശിച്ച് നിരവധിപേർ എത്തിയിരുന്നു. മുംബയ് ഭീകരാക്രമണം ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ രാജ്യത്ത് നടക്കുമ്പോൾ മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. അന്ന് എന്തുകൊണ്ട് പാകിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ല എന്നായിരുന്നു വിമർശനം. എന്നാൽ ഓർമ്മക്കുറിപ്പുകളുടെ പുസ്തകമായ 'ഫോർ ദ റെക്കോഡിലൂടെ' വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ.

2008 ലെ മുംബയ് ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ മൻമോഹൻ സിംഗ് സൈനിക നടപടിക്ക് തയ്യാറെടുത്തിരുന്നതായി കാമറൂണിന്റെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകമായ 'ഫോർ ദ റെക്കോഡിലൂടെ' വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള മറ്റൊരു ആക്രമണം കൂടി ഉണ്ടായാൽ പാകിസ്ഥാനെതിരെ സൈനിക നടപടി ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായി കാമറൂൺ പുസ്തകത്തിലൂടെ പറയുന്നു. ഇന്ത്യയെ ഞെട്ടിച്ച മുംബയ് ഭീകരാക്രമണത്തിന് 11 വയസ് തികയാൻ പോകുന്നതിനിടയിലാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ.

മൻമോഹൻ സിംഗ് വിശുദ്ധനായ വ്യക്തിയായിരുന്നെന്നും അദ്ദേഹവുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും കാമറൂൺ പുസ്തകത്തിൽ പറയുന്നു. ഇന്ത്യയുമായി പങ്കാളിത്തം ആവശ്യമാണെന്ന നിലപാടാണ് താൻ കൈക്കൊണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടൻ സന്ദർശനവേളയിൽ വെബ്ലി സിറ്റേഡിയത്തിൽ നടന്ന ഇന്ത്യക്കാരുടെ സമ്മേളനത്തിൽ പങ്കെടുത്തതിനെപ്പറ്റിയും അദ്ദേഹം പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.