ലൂസിഫർ എന്ന ചിത്രത്തെ കുറിച്ച് ഇനിയും ഒരു ഭംഗി വാക്കിന്റെ ആവശ്യമില്ല. മോഹൻലാലിന്റെ വിസ്‌മയാവഹമായ അഭിനയത്തിനൊപ്പം പൃഥ്വിരാജ് എന്ന ബ്രില്യന്റ് ഡയറക്‌ടറുടെ കൈയൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു ലൂസിഫർ. 200 കോടിയുടെ ബോക്‌സോഫീസ് കിലുക്കം ആദ്യമായി മലയാള സിനിമയിൽ മുഴക്കാനും ലൂസിഫറിനായി.
എംപുരാൻ എന്ന രണ്ടാം ഭഗത്തിന്റെ പ്രഖ്യാപനം അണിയറക്കാർ നടത്തിയതു മുതൽ ലൂസിഫർ വീണ്ടും പ്രേക്ഷകനെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്. എന്നാൽ പൃഥ്വിരാജ് എന്ന സംവിധായകനെ ഒരു സൂപ്പർ ഇന്റലിജന്റ് ആയി കാണാനെ അദ്ദേഹത്തിനു മുന്നിൽ നിന്ന തനിക്ക് കഴിയുന്നുള്ളുവെന്ന് പറയുകയാണ് നടി മാലാ പാർവതി. സിനിമയെ കുറിച്ച് ഇത്രയധികം ധാരണയുള്ള മറ്റൊരാളില്ലെന്നും, ഫോട്ടോഗ്രാഫിക് മെമ്മറിക് ഉടമയാണ് പൃഥ്വിയെന്നും പാർവതി പറയുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കവെയാണ് പാർവതി ഇക്കാര്യം വ്യക്തമാക്കിയത്.
മാലാ പാർവതിയുടെ വാക്കുകൾ-
'പൃഥ്വിയുടെ കൂടെ അഭിനയിക്കുമ്പോൾ ഒരു സീനിയർ ആക്‌ടറുടെ കൂടെ അഭിനയിക്കുന്നതു പോലെയാണ്. 'കൂടെ'യിലൊക്കെ അഭിനയിക്കുമ്പോൾ വളരെ കൂളായിട്ട് പൃഥ്വിയുടെ അടുത്ത് മോനെ എന്നൊക്കെ പറഞ്ഞ് അഭിനയിച്ചിട്ട്, അതിനു ശേഷം പൃഥ്വിരാജ് ഡയറക്‌ട് ചെയ്‌ത ലൂസിഫറിന്റെ സെറ്റിലേക്ക് പോയി. എന്റെ ദൈവമേ...അവിടെയാണ് ശരിക്കും നമ്മൾ ഒരു ഡിറക്‌ടറെ കാണുന്നത്. ഇത്രയും ഒരു സിനിമയെ കുറിച്ച് ധാരണയുള്ള ഒരാളില്ല. ഫോട്ടോഗ്രാഫിക് മെമ്മറിയാണ്. ഡയലോഗ് ആയാലും എന്തായാലും നമ്മൾ പറയുന്ന ഡയലോഗു കൂടി കാണാതെ പഠിക്കും. എല്ലാം രാജുവിന് അറിയാമായിരിക്കും. രാജുവിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ നമ്മൾ വളരെ അലേർട്ട് ആയിരിക്കും. ഒരു ഡിറക്‌ടറിന്റെ സാന്നിധ്യം നമുക്ക് അനുഭവപ്പെടും. സൂപ്പർ ഇന്റലിജന്റ് ആയിട്ടുള്ള ഒരു ആളാണ് പൃഥ്വിരാജ്'.