ലണ്ടൻ:മുംബയ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാകിസ്ഥാനെതിരെ സൈനിക നടപടിക്കു തയാറെടുത്തിരുന്നതായി മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ വെളിപ്പെടുത്തി. 'ഫോർ ദ റെക്കോർഡ്‌സ്' എന്ന പേരിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കാമറോണിന്റെ ഓർമ്മക്കുറിപ്പുകളിലാണ് ഇക്കാര്യം.
മൻമോഹൻ സിംഗുമായി വളരെ അടുത്ത ബന്ധമാണു തനിക്ക് ഉണ്ടായിരുന്നതെന്നും അദ്ദേഹം വിശുദ്ധനായ മനുഷ്യനായിരുന്നുവെന്നും കാമറോൺ കുറിക്കുന്നു.
2011ലെ മുംബയ് ഭീകരാക്രമണത്തിനു ശേഷം താൻ ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് മൻമോഹൻസിംഗുമായി നടത്തിയ ചർച്ചയിലാണ് സൈനിക നടപടി അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. 2008ലും 2011ലും മുംബയിൽ ഭീകരാക്രമണം ഉണ്ടായി. ഒരു ആക്രമണം കൂടി പാകിസ്ഥാനിൽ നിന്നുണ്ടായിരുന്നുവെങ്കിൽ മൻമോഹൻ സൈനിക ആക്രമണത്തിനു മുതിരുമായിരുന്നു. ഇക്കാര്യം മൻമോഹൻ സിംഗ് തന്നോട് പറഞ്ഞിരുന്നു. ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു വ്യക്തമായ ധാരണയും എന്തും നേരിടാനുള്ള മനക്കരുത്തും മൻമോഹന് ഉണ്ടായിരുന്നു - കാമറോൺ പുസ്തകത്തിൽ പറയുന്നു.
മൻമോഹൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കാമറോൺ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നത്. മൂന്നു തവണ കാമറോൺ ഇന്ത്യയിൽ വന്നിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന് ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചതോടെ 2016ൽ കാമറോൺ രാജിവയ്‌ക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2015ലെ ബ്രിട്ടൻ സന്ദർശനത്തെക്കുറിച്ചും പുസ്തകത്തിൽ പരമാർശമുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ നരേന്ദ്രമോദിയെ നയതന്ത്രതലത്തിൽ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ബ്രിട്ടൻ മാറ്റിയത് കാമറോൺ പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്.
ബ്രിട്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ മോദിക്കൊപ്പം ഇന്ത്യക്കാരെ അഭിസംബോധന ചെയ്തതും കാമറോൺ ഓർക്കുന്നു. ജനങ്ങളുടെ ഹർഷാരവം വിസ്‌മയിപ്പിച്ചെന്നും താനും മോദിയും വേദിയിൽ ആലിംഗനം ചെയ്തുവെന്നും കാമറോൺ കുറിക്കുന്നു. അമൃത്‌സറിലെ ജാലിയൻ വാലാബാഗ് സന്ദർശന വേളയിൽ, ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവം എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ താൻ വിശേഷിപ്പിച്ചിരുന്നു. ഈ നടപടി ബ്രിട്ടനിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചു തനിക്കു ബോദ്ധ്യമുണ്ടായിരുന്നു. എങ്കിലും സന്തോഷത്തോടെയാണ് അത്തരമൊരു കാര്യം ചെയ്തതെന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നു.