സിനിമയ്‌ക്കുള്ളിലെ കഥയേക്കാൾ ഒരുപാട് നാടകീയതകൾ നിറഞ്ഞതാണ് അതിനു പുറത്തെ ജീവിതം. അതുകൊണ്ടുതന്നെ സിനിമാക്കാരുടെ ജീവിത കഥകൾ കേൾക്കാൻ പ്രേക്ഷകന് എന്നും താൽപര്യമാണ്. നായകൻ ആകുന്നതിന് മുമ്പു തന്നെ സഹസംവിധായകനായി സിനിമയിൽ എത്തിയ ആളാണ് ദിലീപ്. കമലിന്റെ സംവിധാന സഹായി ആയാണ് ദിലീപ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്നാൽ അക്കാലം മുതൽ കേട്ടു വരുന്ന ഒരു പഴങ്കഥയുണ്ട്; അഭിനയിക്കാൻ വന്ന ദിലീപിനെ ഏതോ ഒരു സംവിധായകൻ മാറി നിൽക്ക് എന്നു പറഞ്ഞ് ലൊക്കേഷനിൽ നിന്ന് മാറ്റി നിറുത്തി എന്ന കഥ. അത്തരത്തിലൊരു സംഭവം ദിലീപിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ, ഇല്ലയോ എന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്.
കരിയറിന്റെ തുടക്കം മുതൽ ദിലീപിനൊപ്പം ഉണ്ടായിരുന്നയാൾ കൂടിയാണ് ലാൽ ജോസ്. താൻ കമൽ സാറിന്റെ അസിസ്‌റ്റന്റായിരിക്കെ ആറാമത്തെ ചിത്രത്തിലാണ് ദിലീപ് വരുന്നതെന്നും, അന്നുമുതൽ ഇന്നുവരെയുള്ള സൗഹൃദത്തെ കുറിച്ചും ലാൽ ജോസ് മനസു തുറക്കുന്നുണ്ട്. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലൂടെയാണ് ലാൽ ജോസ് ഇക്കാര്യം പങ്കുവച്ചത്.
'ദിലീപിന്റെ ആത്യന്തികമായ ആഗ്രഹം അഭിനയം തന്നെയായിരുന്നു. ജയറാമേട്ടനാണ് ദിലീപിനെ അസിസ്‌റ്റന്റ് ഡയറക്‌ടറായിട്ട് സജസ്‌റ്റ് ചെയ്യുന്നത്. പൂക്കാലം വരവായി എന്ന സെറ്റിൽ വച്ച് ജയറാമേട്ടൻ തന്നെയാണ് ഞങ്ങൾ രണ്ടുപേരെയും പരിചയപ്പെടുത്തുന്നത്. അതിനടുത്ത സിനിമയായ വിഷ്‌ണുലോകത്തിലാണ് ദിലീപ് അസിസ്‌റ്റന്റ് ഡയറക്‌ടറായി ജോയിൻ ചെയ്യുന്നത്. കമൽ സാറിന്റെ പടത്തിൽ ഒരു ക്യാരക്‌ടർ വരുമ്പോൾ അത് ദിലീപിന് പറ്റിയതാണോ എന്ന നമ്മൾ എല്ലാവരും കമൽ സാറിനോട് ചോദിക്കാറുണ്ട്. എന്നോടിഷ്‌ടം കൂടാമോ എന്ന സിനിമയിലാണ് ദിലീപ് ആദ്യമായിട്ട് അഭിനയിക്കുന്നത്. അതിൽ ചക്രവർത്തി എന്നു പറയുന്ന ആക്‌ടർ തെലുങ്കിൽ നിന്ന് വന്നപ്പോൾ, അയാൾക്ക് ഡയലോഗുകൾ പറയാൻ ബുദ്ധിമുട്ടായി. ഡയലോഗുകൾ ഷെയർചെയ്യാനുള്ള മറ്റ് ആക്‌ടേഴ്‌സിനും അത് ബുദ്ധിമുട്ടായപ്പോൾ ആ കഥാപാത്രം ദിലീപിലേക്ക് എത്തുകയായിരുന്നു'- ലാൽ ജോസിന്റെ വാക്കുകൾ.