ibrahim-kunju

പാലാരിവട്ടം ഫ്‌ളൈ ഓവർ അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നിലനിൽക്കെ, കേസിൽ അറസ്‌‌റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജിന്റെ നിയമനം ഇബ്രാഹിം കുഞ്ഞിന്റെ താൽപര്യത്തോടെ അല്ലായിരുന്നുവെന്ന് റിപ്പോർട്ട്. മുസ്ളീം ലീഗിലെ സമുന്നതനായ ഒരു നേതാവാണ് ഇബ്രാഹിം കുഞ്ഞിന്റെ എതിർപ്പ് മറികടന്ന് ടി.ഒ സൂരജിനെ നിയമിക്കാൻ ചരടു വലിച്ചത്. കൺഫേർഡ് ഐ.എ.എസ് ലഭിച്ചയാളാണ് ടി.ഒ സൂരജ്. ഇത്തരത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്ന സുപ്രധാന തസ്‌തികയിൽ നിയമിതനായ ആദ്യത്തെ കൺഫേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു സൂരജ്.

എന്നാൽ ഈ വിവരം പുറത്തു വന്നതോടുകൂടി സൂരജിന്റെ നിയമനത്തിൽ ഉന്നതനും പങ്കുണ്ട് എന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കുറച്ചു കൂടി ചേർത്തു വായിച്ചു കഴിഞ്ഞാൽ. ടി.ഒ സൂരജ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആയിരുന്ന സമയത്താണ് ടെലികോം ഭീമനായ റിലയൻസിന് കേബിൾ ഇടുന്നതിനു വേണ്ടി, സംസ്ഥാന വ്യാപകമായി റോഡുകൾ വെട്ടുക്കുഴിക്കാൻ അനുമതി നൽകിയത്. സൂരജ് സ്വമേധയാ ഇറക്കിയ ഉത്തരവിന് മന്ത്രി പച്ചക്കൊടി കാട്ടിയിരുന്നില്ല. ഇതിലും മുസ്ളീം ലീഗിലെ ഉന്നതന്റെ ആശിർവാദം സൂരജിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് വിവാദമായപ്പോൾ മന്ത്രി ഇടപെട്ട് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നെല്ലാമുള്ള വിദ്വേഷമാകാം ഇബ്രാഹിം കുഞ്ഞിന്റെതടക്കമുള്ള ചില പേരുകൾ മാത്രം ചൂണ്ടിക്കാട്ടിയുള്ള സൂരജിന്റെ മൊഴി എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അതേസമയം, ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഉടൻ തന്നെ അറസ്‌റ്റു ചെയ്യുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ നിയമോപദേശം തേടിയേക്കും. എന്നാൽ അറസ്‌റ്റിന് മുമ്പ് വിശദമായി ചോദ്യം ചെയ്യാനും തീരുമാനമായിട്ടുണ്ട്. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം അറസ്‌റ്റിലേക്ക് നീങ്ങിയാൽ മതിയെന്നാണ് വിജിലൻസിന്റെ തീരുമാനം.