ന്യൂഡൽഹി: വ്യോമസേന ഉപമേധാവി എയർമാർഷൽ ആർ.കെ.എസ്. ബദൗരിയയെ വ്യോമസേനാ മേധാവിയായി നിയമിച്ചു. പ്രതിരോധമന്ത്രാലയ വക്താവാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിലെ വ്യോമസേനാ മേധാവി ബി.എസ്. ധനോവ 30ന് വിരമിക്കും. ബദൗരിയയും 30ന് വിരമിക്കേണ്ടിയിരുന്നതാണെങ്കിലും ചീഫ് ഒഫ് എയർ സ്റ്റാഫ് ആയി നിയമിതനായതിനാൽ രണ്ട് വർഷം കൂടി സർവീസ് നീട്ടിക്കിട്ടും.

ഫ്രാൻസിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്റെ ചെയർമാനായിരുന്നു ബദൗരിയ. 1980 ജൂൺ 15ന് സ്വോഡ് ഒഫ് ഓണർ വിശേഷ പദവി നേടിയാണ് ബദൗരിയ വ്യോമസേനയുടെ ഭാഗമായത്. നാഷണൽ ഡിഫൻസ് അക്കാഡമി കമൻഡാന്റ്,​ മദ്ധ്യവ്യോമ കമാൻഡിലെ സീനിയർ എയർ സ്റ്റാഫ് ഓഫീസർ, 2017 മുതൽ ദക്ഷിണ വ്യോമ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ-ചീഫ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.