നാസിക്: പുതിയ കാശ്മീരിനെ നിർമ്മിക്കുകയാണ് ഇനി ആവശ്യമെന്നും കാശ്മീരിനെ വീണ്ടും ഭൂമിയിലെ പറുദീസയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാശ്മീർ ഹമാരാ ഹേ (കാശ്മീർ നമ്മുടേതാണ്) എന്നായിരുന്നു പഴയ മുദ്രാവാക്യം. എന്നാൽ, ഇനി നാം പരിശ്രമിക്കേണ്ടത് പുതിയ മുദ്രാവാക്യത്തിനു വേണ്ടിയാണ്. നയാ കാശ്മീർ ബനാനാ ഹേ (പുതിയ കാശ്മീർ ഉണ്ടാക്കണം) എന്നാണ് അത്. അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ജമ്മുകാശ്മീരിലെ സ്ഥിതി മോശമാക്കാനായി അനേകം പ്രവർത്തനങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. എന്നാൽ, നമ്മൾ ഒരു പുതിയ പറുദീസ കാശ്മീരിൽ ഉണ്ടാക്കണം- മോദി പറഞ്ഞു.
''ജമ്മു കാശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കുമെന്ന് രാജ്യത്തിന് ഉറപ്പ് നൽകിയിരുന്നു. രാജ്യം ഇപ്പോൾ ആ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതിൽ ഞാൻ തൃപ്തനാണ്"- മോദി റാലിയിൽ പറഞ്ഞു. പ്രത്യേക പദവി കാരണം രാജ്യത്തിന് ലഭിച്ചിരുന്ന പല ഗുണങ്ങളും കാശ്മീരിന് ലഭിച്ചിരുന്നില്ലെന്ന സർക്കാർ നിലപാട് മോദി ആവർത്തിച്ചു. പല സർക്കാർ പദ്ധതികളും കാശ്മീരിൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഈ തടസം നീങ്ങുകയാണ്. ഇനി ഡൽഹിയിൽ നിന്നുള്ള നേട്ടങ്ങൾ കാശ്മീരിൽ എത്തും. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇതിന്റെ നേട്ടങ്ങൾ ലഭിക്കുമെന്നും മോദി വ്യക്തമാക്കി.