വാഷിംഗ്ടൺ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്റെ ചിത്രങ്ങൾ എടുത്തെന്ന് സ്ഥിരീകരിച്ച് നാസ. ലൂണാർ റെക്കണിസൻസ് ഓർബിറ്റർ (എൽ.ആർ.ഒ) ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ജോൺ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്രമിന്റെ ലാൻഡിംഗ് സ്ഥാനത്തിന്റെ ചിത്രങ്ങൾ എൽ.ആർ.ഒ പകർത്തിയെന്നും വിദഗ്ദ്ധ സംഘം ഈ ചിത്രങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിക്രമിന്റെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങൾ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.
ദക്ഷിണധ്രുവപ്രദേശത്തെ പകൽ സമയം അവസാനിച്ച് തുടങ്ങിയതിനാൽ തന്നെ ലാൻഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നും ജോൺ കെല്ലർ വ്യക്തമാക്കി. നാസയുടെ നയമനുസരിച്ച് ലൂണാർ റിക്കൊണിസൻസ് ഓർബിറ്റർ പകർത്തിയ എല്ലാ ചിത്രങ്ങളും പൊതു സമൂഹത്തിന് ലഭ്യമാക്കാറുണ്ട്. വിക്രമിന്റെ ലാൻഡിംഗ് സൈറ്റിന്റെ ചിത്രങ്ങളും ഇത്തരത്തിൽ പുറത്തുവിടും.
അതേസമയം, വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇസ്രൊയുടെ ശ്രമങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇന്നുംകൂടി ഇതിന് കഴിഞ്ഞില്ലെങ്കിൽ പിന്നീട് അത് സാധിക്കുകയില്ലെന്നാണ് റിപ്പോർട്ട്.