മുംബയ്: 50 കോടി കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയെ വിമർശിച്ചവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പശുക്കൾ വോട്ട് ചെയ്യാറില്ല' എന്നാണ് വിമർശനങ്ങൾക്ക് മറുപടിയായി മോദി പറഞ്ഞത്. അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആട്, എരുമ, ചെമ്മരിയാട്, പന്നി, പോത്ത് എന്നീ കന്നുകാലികളിൽ കുളമ്പുരോഗം, ബ്രൂസിലോസിസ്, വായ്‌രോഗം തുടങ്ങിയവ ഒഴിവാക്കുന്നതിന് ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം രാഷ്ട്രീയ ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന വിമർശനം. ഇതിൽ മറുപടി നൽകുകയായിരുനു മോദി.
2017ലും പശുക്കളെ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റി സംസാരിക്കുമ്പോൾ മോദി ഇതേ പ്രസ്താവന നടത്തിയിരുന്നു. വാരണാസിയിൽ വച്ച് നടത്തിയ പ്രസംഗത്തിനിടെ, ഗോസംരക്ഷണം വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്നും പശുക്കൾ ഒരിക്കലും വോട്ട് ചെയ്യാറില്ലെന്നുമായിരുന്നു മോദി പറഞ്ഞത്. 'ഞങ്ങൾ കാര്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കുന്നത് വോട്ട് മുന്നിൽ കണ്ടുകൊണ്ടല്ല' എന്നും മോദി അന്ന് പറഞ്ഞിരുന്നു. ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പശുക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് വിമർശനം ഉയർന്നിരുന്നു.