mariyam-thresia

കൊച്ചി : ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം ഒക്ടോബർ 13ന് വത്തിക്കാനിൽ നടക്കും. നാമകരണ ചടങ്ങുകളുടെ രക്ഷാധികാരി യൂറോപ്പിലെ സീറോ മലബാർ സഭ അപ്പോസ്തലിക് വിസിറ്റേറ്റർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ റോമിലെ സാന്തോം ഇടവക വികാരി ഫാ. ചെറിയാൻ വാരികാട്ട്, ഹോളി ഫാമിലി സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സി. ഉദയ, നാമകരണ പ്രക്രിയയുടെ പോസ്റ്റുലേറ്റർ ഫാ. ബനഡിക്ട് വടക്കേക്കര, സി.എം.ഐ സന്യാസസമൂഹത്തിന്റെ പ്രൊകുറേറ്റർ ജനറൽ ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ എന്നിവരെ ജനറൽ കൺവീനർമാരായി തിരഞ്ഞെടുത്തു.

12ന് റോമിലെ 'മരിയ മജോരേ' മേജർ ബസലിക്കയിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടക്കും. 13ന് രാവിലെ 10ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന വിശുദ്ധബലിയിൽ മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. 14ന് റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയിൽ കൃതജ്ഞതാബലിക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും.