ഒന്നാംസമ്മാനം ചുങ്കത്തിലെ ആറ് ജീവനക്കാർക്ക്
കരുനാഗപ്പള്ളി: കിലുക്കത്തിലെ കിട്ടുണ്ണിയേട്ടനെപ്പോലെ ഭാഗ്യനമ്പരിൽ ഞെട്ടിത്തരിക്കാൻ ഒരാളല്ല, ഇവർ ആറു പേരുണ്ടായിരുന്നു. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ ഓണം ബമ്പർ കരുനാഗപ്പള്ളി ചുങ്കത്ത് ജുവലറിയിലെത്തിയത് ഈ ആറുപേരെ ചേർത്തുപിടിച്ചുകൊണ്ടാണ്. സെയിൽസ്മാന്മാരായ
തൃശൂർ പരപ്പൂർ പുത്തൂർ ഹൗസിൽ റോണി (35), ചവറ തോപ്പിൻ വടക്ക് രാജീവത്തിൽ രാജീവൻ (48), ചവറ സൗത്ത് വടക്കുംഭാഗം രതീഷ് ഭവനത്തിൽ രതീഷ് കുമാർ(32), ചാലക്കുടി കാരോട്ടുപൂവിൽ സുബിൻ തോമസ് (26), വൈക്കം കുന്തത്തിരചിറയിൽ വിവേക് (26), ശാസ്താംകോട്ട ശാന്തിവിലാസത്തിൽ റംജിൻ ജോർജ് (31) എന്നിവരാണ് ഭാഗ്യശാലികൾ. ടിക്കറ്റ് നമ്പർ-ടി.എം. 160869.
ചുങ്കത്ത് ജുവലറിയുടെ സമീപത്തായി തട്ടടിച്ച് ലോട്ടറിക്കച്ചവടം നടത്തുന്ന സിദ്ദിക്കിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് രണ്ടു ടിക്കറ്റ് വാങ്ങിയത്. ആറുപേർക്കുംവേണ്ടി വിവേകിനെയും കൂട്ടിപ്പോയി റോണിയാണ് ടിക്കറ്റ് വാങ്ങിയത്. ജീവനക്കാർ സംഘം ചേർന്ന് ടിക്കറ്റ് വാങ്ങാറുണ്ട്. നറുക്കെടുപ്പ് നടക്കുമ്പോൾ ടിക്കറ്റ് രതീഷ് കുമാറിന്റെ കൈവശമായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് നറുക്കെടുപ്പിന്റെ ദൃശ്യങ്ങൾ ടി.വിയിൽ കാണുമ്പോഴും മഹാഭാഗ്യം ഒന്നാം സമ്മാനമായി ഉദിച്ചുയരുമെന്ന് നിനച്ചതേയില്ല. എന്തെങ്കിലും സമ്മാനം കിട്ടണമേ എന്ന പ്രാർത്ഥനയോടെ രതീഷ് ടിക്കറ്റിലെ നമ്പർ ഒത്തുനോക്കിയപ്പോൾ ഞെട്ടിപ്പോയി. സഹപ്രവർത്തകരെ വിവരം അറിയിച്ചതോടെ 'ഞെട്ടൽ' ആകാശത്തോളം വളർന്ന ആഹ്ലാദമായി. അവർ ഓടിച്ചെന്ന് സിദ്ദിക്കിനോട് പറഞ്ഞു. സിദ്ദിക്ക് തനിക്ക് ടിക്കറ്റ് നൽകിയ കരുനാഗപള്ളി ലാലാജി ജംഗ്ഷന് പടിഞ്ഞാറുവശം പ്രവർത്തിക്കുന്ന ശ്രീമുരുകാലയം ലക്കി സെന്ററിൽ അറിയിച്ചു. കായംകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അതിന്റെ ഉടമ ശിവൻകുട്ടി സന്തോഷം പങ്കിടാൻ ജുവലറിയിൽ പാഞ്ഞെത്തി.
സമ്മാനാർഹമായ ടിക്കറ്റ് ചുങ്കത്ത് ജുവലറി ജനറൽ മാനേജർ രാജ്മോഹന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്കിന്റെ കരുനാഗപ്പള്ളി മെയിൻ ബ്രാഞ്ചിൽ ഏല്പിച്ചു. 12 കോടി രൂപയാണ് സമ്മാനത്തുക. നികുതി കഴിഞ്ഞ് 7 കോടി 56 ലക്ഷം രൂപ പങ്കിട്ടെടുക്കാം. ഭാവിപരിപാടികൾ തീരുമാനിച്ചിട്ടില്ലാത്ത ഇവർ എന്തായാലും ചുങ്കത്ത് ജുവലറിയിലെ ജോലി തുടരുമെന്നാണ് പറയുന്നത്.