high-court

മൗലികാവകാശത്തിന്റെ കടന്നുകയറ്റത്തിനെതിരെ ചരിത്രവിധിയുമായി കേരളം ഹൈക്കോടതി. വനിതാ ഹോസ്റ്റലുകളിലെ അന്തേവാസികളായ പെൺകുട്ടികൾ മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനെതിരെയുള്ള നിയന്ത്രണങ്ങൾ മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല ഹോസ്റ്റൽ വിദ്യാർത്ഥികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് സ്വകാര്യതയുടെയും വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശത്തിന്റെയും ഭാഗമാണെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഹൈകോടതി നിരീക്ഷിച്ചു. മാത്രമല്ല ഇന്റർനെറ്റ് ഉപയോഗം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയുടെ 2016ലെ പ്രഖ്യാപനം അനുസരിച്ച് മൗലികാവകാശമാണെന്നും ഹൈക്കോടതി പറഞ്ഞു.

കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിലെ ബിരുദ വിദ്യാർത്ഥി ഹമീമ ഷിറിനാണ് താനും മറ്റ് വിദ്യാർത്ഥികളും താമസിക്കുന്ന ഹോസ്റ്റലിൽ ഇന്റർനെറ്റ് ഉപയോഗം ഹോസ്റ്റൽ അധികൃതർ അകാരണമായി നിയന്ത്രിക്കുന്നു എന്ന് കാണിച്ച് ഹൈകോടതിയെ സമീപിച്ചത്. വൈകുന്നേരങ്ങളിലുള്ള ഇന്റർനെറ്റ് നിയന്ത്രണം തങ്ങളുടെ പഠനത്തെ ബാധിക്കുകയാണെന്നും വനിതാ ഹോസ്റ്റലിൽ മാത്രമാണ് ഈ നിയന്ത്രണം നിലവിലുള്ളതെന്നും ഇത് സ്ത്രീവിവേചനമാണെന്നും വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിയന്ത്രണത്തിലൂടെ പഠനത്തിന് ആവശ്യമായ വിവരങ്ങൾ തങ്ങൾക്ക് ലഭ്യമാകുന്നില്ലെന്നും പെൺകുട്ടി ഹർജിയിൽ പറഞ്ഞിട്ടുണ്ട്. വനിതാ ഹോസ്റ്റലിൽ വൈകിട്ട് ആറു മുതൽ പത്ത് വരെയാണ് വിദ്യാർഥിനികൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഉള്ളത്.