കൊച്ചി : സുപ്രീംകോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം ലഭിച്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് ഇന്നലെ ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ഫുൾകോർട്ട് റഫറൻസിലൂടെ യാത്രഅയപ്പ് നൽകി. ഒന്നാം കോടതിയിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജിമാർ, നിയമ - ജുഡിഷ്യൽ ഉദ്യോഗസ്ഥർ, അഭിഭാഷകർ, ഹൈക്കോടതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഗുവാഹത്തി ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ 2018 മേയ് 29 നാണ് ഹൃഷികേശ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. 1962 ൽ ഡൽഹി സർവകലാശാലയിലെ കാമ്പസ് ലാ സെന്ററിൽ നിന്ന് നിയമ ബിരുദമെടുത്ത ഹൃഷികേശ് റോയ് 2006 ഒക്ടോബറിലാണ് ഗുവാഹത്തി ഹൈക്കോടതിയിൽ ജഡ്ജിയായത്.