ഇബ്രാഹിംകുഞ്ഞ് അപ്രത്യക്ഷനായി
ഫോൺ ഓഫ്, വീട്ടിൽ എത്തിയിട്ടില്ല
വിജിലൻസ് ചടുലനീക്കങ്ങളിൽ
കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ റിമാൻഡിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് വിജിലൻസ് മുമ്പാകെ നടത്തിയ നിർണായക വെളിപ്പെടുത്തൽ അന്നത്തെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയെ അറസ്‌റ്റിന്റെ നിഴലിലാക്കി. വിജിലൻസിന്റെ ചടുലനീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ഇബ്രാഹിംകുഞ്ഞ് മണ്ഡലത്തിലെ പരിപാടികൾ റദ്ദാക്കി അപ്രത്യക്ഷനായി. മൊബൈൽ ഫോൺ സ്വിച്ച് ഒഫാണ്. വീട്ടിലോ ഓഫീസിലോ എത്തിയിട്ടില്ല.
പാലാ ഉപതിരഞ്ഞെടുപ്പ് കണ്ടുള്ള രാഷ്‌ട്രീയനീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇന്നലെ തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിൽ ഇബ്രാഹിം കുഞ്ഞിനെ നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമോപദേശവും തേടും. ഇതിനു ശേഷമായിരിക്കും അറസ്‌റ്റിലേക്ക് നീങ്ങുക. ഇബ്രാഹിം കുഞ്ഞിനെ ഒരു തവണ അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്ലൈ ഓവർ നിർമ്മാണത്തിൽ വീഴ്ചയുണ്ടെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണെന്നും തനിക്ക് അറിയാമായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നുമാണ് മൊഴി നൽകിയത്.
അന്വേഷണസംഘം ഇന്നലെ വിജിലൻസ് ഐ.ജി. എച്ച്. വെങ്കിടേഷുമായി ചർച്ച നടത്തിയതോടെയാണ് സംഘത്തിന്റെ ചടുല നീക്കങ്ങൾ പുറത്തായത്. അതിന് തൊട്ടുമുമ്പ് എറണാകുളത്ത് വിജിലൻസ് കോടതി ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ സൂരജ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് തുറന്നു പറഞ്ഞു. അപ്പോൾ കളമശേരി മണ്ഡലത്തിലെ കുന്നുകരയിൽ പ്രളയം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിനൊപ്പമായിരുന്നു ഇബ്രാഹിംകുഞ്ഞ്. വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടെ സംഘത്തിനൊപ്പമുള്ള യാത്ര ഉപേക്ഷിച്ചു മടങ്ങി. ബുധനാഴ്ച എം.എൽ.എ ഹോസ്റ്റലിൽ കഴിഞ്ഞ ഇബ്രാഹിംകുഞ്ഞ് ഇന്നലെ പുലർച്ചെയോടെയാണ് കൊച്ചിയിലെത്തിയത്. എം.എൽ.എയെ ചോദ്യം ചെയ്യാൻ അനുമതി തേടി വിജിലൻസ് സ്പീക്കറെ സമീപിച്ചതോടെയാണ് അദ്ദേഹം ഹോസ്റ്റൽ വിട്ടതെന്ന് സൂചനയുണ്ട്.
സൂരജിന്റെ വെളിപ്പെടുത്തൽ
കരാർ കമ്പനിക്ക് പലിശയില്ലാതെ 8.25 കോടി രൂപ മുൻകൂർ നൽകാൻ ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടു
ഇക്കാര്യം ഫയലിൽ രേഖപ്പെടുത്തി ഒപ്പിട്ടിട്ടുണ്ട്
ഏഴു ശതമാനം പലിശയ്‌ക്ക് പണം നൽകാനായിരുന്നു തന്റെ നിർദ്ദേശം
പണം മുൻകൂർ അനുവദിക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ മുൻ എം.ഡി. എ.പി.എം മുഹമ്മദ് ഹനീഷും ശുപാർശ നൽകി
( ഇക്കാര്യം ഇന്നലെ മാദ്ധ്യമങ്ങളോടും സൂരജ് വെളിപ്പെടുത്തി)
ശക്തമായ തെളിവ്
ഇബ്രാഹിംകുഞ്ഞിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലൻസിന്റെ നിലപാട്. വഴിവിട്ട നീക്കങ്ങൾക്ക് ഒത്താശയും നിർദ്ദേശവും നൽകി. ഇതിന് തെളിവേകുന്ന ചില ഫയലുകൾ പൊതുമരാമത്ത് വകുപ്പിൽ നിന്ന് ലഭിക്കാൻ ചീഫ് സെക്രട്ടറിക്ക് വിജിലൻസ് കത്ത് നൽകും. കരാറുകാരന് 8.25 കോടി രൂപ മുൻകൂർ നൽകിയതിലെ അഴിമതിക്കാണ് സൂരജിനെ അറസ്‌റ്റ് ചെയ്‌തത്. ഉത്തരവിന് പിന്നിൽ ഇബ്രാഹിംകുഞ്ഞാണെന്നതിന് തെളിവുകൾ ഫയലിൽ ഉണ്ടെന്നും സൂരജ് വ്യക്തമാക്കി.
വിജിലൻസ് പറയുന്ന അഴിമതി
പാലത്തിന്റെ നിർമ്മാണത്തിന് മുൻകൂർ പണം നൽകില്ലെന്ന് ടെൻഡർ സമയത്ത് വിവിധ കമ്പനികളുടെ യോഗത്തിൽ സൂരജ് പറഞ്ഞു. ഇതോടെ പലരും ഒഴിവായി. തുടർന്ന് സുമിത് ഗോയൽ എം.ഡിയായ ആർ.ഡി.എസ് പ്രൊജക്‌ടിന് കരാറും മുൻകൂറായി പണവും നൽകി. ഈ തുക കടം വീട്ടാൻ സുമിത് ഉപയോഗിച്ചെന്നും ഈ പണം കോഴയാണെന്നും വിജിലൻസ് വിലയിരുത്തുന്നു.