ഇടതു വിദ്യാർത്ഥികളുടെ അതിക്രമം
ഗവർണർ കാറുമായെത്തി രക്ഷിച്ചു
എ.ബി.വി പി പ്രതിഷേധം അക്രമാസക്തം
കൊൽക്കത്ത: കൊൽക്കത്ത ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ എ.ബി.വി.പിയുടെ പരിപാടിക്ക് എത്തിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോയെ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ കൈയേറ്റം ചെയ്യുകയും ഒന്നര മണിക്കൂറോളം തടഞ്ഞുവയ്‌ക്കുകയും ചെയ്തു. മന്ത്രിയെ രക്ഷിക്കാൻ എത്തിയ പശ്ചിമ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകറെയും കാറിൽ നിന്ന് ഇറങ്ങാൻ അനുവദിക്കാെതെ വിദ്യാർത്ഥികൾ വളഞ്ഞു വച്ചു. ഒടുവിൽ വൻ പൊലീസ് സന്നാഹം ഇടപെട്ട് മന്ത്രിയെ ഗവർണറുടെ കാറിൽ കയറ്റി രക്ഷപ്പെടുത്തി.
'ബാബുൽ സുപ്രിയോ ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായി യൂണിവേഴ്സിറ്റി കവാടത്തിൽ നിലയുറപ്പിച്ച എസ്.എഫ്.ഐ, ഐസ, ആർട്സ് ഫാക്കൽറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകർ കേന്ദ്രമന്ത്രിയെ കാമ്പസിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കെത്തിയ കേന്ദ്രമന്ത്രിയെ ഒന്നര മണിക്കൂറോളം തടഞ്ഞുവച്ചു. പ്രതിഷേധം അതിരുവിട്ടതോടെ ബാബുൽ സുപ്രിയോ കാമ്പസിൽനിന്ന് മടങ്ങാനൊരുങ്ങിയെങ്കിലും വിദ്യാർത്ഥികൾ അദ്ദേഹത്തെ വളഞ്ഞ് കൈയേറ്റം ചെയ്‌തു. തലമുടിയിൽ പിടിച്ചുവലിക്കുകയും തള്ളുകയും ചെയ്തു. മന്ത്രിയുടെ വസ്ത്രം വലിച്ചുകീറിയതായും റിപ്പോർട്ടുണ്ട്. സർവകലാശാല വി.സി സുരഞ്ജൻ ദാസ് വിദ്യാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും വിദ്യാർത്ഥികൾ പിരിഞ്ഞുപോയില്ല.
സന്ധ്യയ്‌ക്ക് ഏഴുമണിയോടെയാണ് ഗവർണർ ജഗ്‌ദീപ് ധൻകർ സർവകലാശാലയിലെത്തിയത്. അതോടെ വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കി. തുടർന്ന് പൊലീസ് സഹായത്തോടെ സുപ്രിയോയെ ഗവർണറുടെ കാറിൽ കയറ്റി ഗേറ്റ് നമ്പർ 4 ലൂടെയാണ് പുറത്തെത്തിച്ചത്. അപ്പോഴും നൂറുകണക്കിന് വിദ്യാർത്ഥികൾ ഗേറ്റിന് മുന്നിൽ ഉപരോധം തുടരുകയായിരുന്നു.
ഇതിന് പ്രതികാരം പോലെ എ.ബി.വി.പി പ്രവർത്തകർ സർവകലാശാലയിൽ പ്രതിഷേധം നടത്തി. നിരവധി വസ്തുക്കൾ നശിപ്പിച്ചു. സ്റ്റുഡന്റസ് യൂണിയൻ ഓഫീസിന്റെ ഒരുഭാഗം തീയിട്ട് നശിപ്പിച്ചു. വൻപൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഗവർണർ ജഗ്‌ദീപ് ധൻകർ പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ തടഞ്ഞത് ഗൗരവതരമാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ പ്രതിഫലനമാണ് സംഭവമെന്നും ഗവർണർ പറഞ്ഞു. സംഭവത്തെ പറ്റി അദ്ദേഹം ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടി. സംഭവം അന്വേഷിക്കാൻ സിറ്റി പോലീസ് കമ്മീഷണറോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു.
'' ചില വിദ്യാർത്ഥികളുടെ പെരുമാറ്റം എന്നെ വിഷമിപ്പിച്ചു. എന്നെ തടഞ്ഞ് മുടിയിൽ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തു. നക്സലുകളെന്ന് സ്വയം വിശേഷിപ്പിച്ച പ്രതിഷേധക്കാർ എന്നെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്"
- ബാബുൽ സുപ്രിയോ