'പട്ടം പോലെ' എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ ആദ്യമായി മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. പിന്നീട് നിർണായകം, ദ ഗ്രേറ്റ് ഫാദർ, പേട്ട എന്നീ ചിത്രങ്ങളിലൂടെ ഗംഭീര പ്രകടനം കാഴ്ചവച്ച് കണ്ണൂർ പയ്യന്നൂർകാരിയായ ഈ നടി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. എന്നാൽ ബോളിവുഡിലേക്കുള്ള രംഗ പ്രവേശനത്തോടെയാണ് മാളവികയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയരുന്നത്. പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്‌ളൗഡ്‌സ്' എന്ന ചിത്രത്തിലൂടെയാണ് മാളവിക ബോളിവുഡിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.
ചിത്രത്തിലെ മികച്ച പ്രകടനം മാളവികയെ ബോളിവുഡിൽ കാലുറപ്പിച്ച് നിർത്താൻ പ്രേരിപ്പിച്ചു. മോഡലിംഗ് രംഗത്തും പ്രശസ്തയായ ഈ നടി അടുത്തിടെ ലാക്‌മി ഫാഷൻ വീക്കിലും റാംപ്‌വാക്ക് നടത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള മാളവിക മോഹന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. അപ്പ്ലോഡ് ചെയ്ത ശേഷം നിമിഷ നേരം കൊണ്ടാണ് മാളവികയുടെ അക്കൗണ്ടിലേക്ക് ആരാധകർ ഇരച്ചെത്തുന്നത്. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മാളവികയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ലൈക്കുകളും കമന്റുകളും കുമിഞ്ഞുകൂടുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ കെ.യു മോഹനനന്റെ മകളാണ് മാളവിക മോഹനൻ.