തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് ജീവനക്കാർ പഞ്ചിംഗിൽ വരുത്തുന്ന വീഴ്ചകൾ അനധികൃത
അവധിയായി കണക്കാക്കി അടുത്ത മാസം മുതൽ ശമ്പളത്തിൽ നിന്ന് പണം പിടിക്കും.
പഞ്ചിംഗ് കഴിഞ്ഞ സെപ്തംബർ മുതൽ നിലവിലുണ്ടെങ്കിലും ശമ്പള വിതരണ സോഫ്റ്റ്‍വെയറായ സ്പാർക്കുമായി ഇതിനെ ബന്ധിപ്പിച്ചിരുന്നില്ല. ഈ മാസം സ്പാർക്കുമായി ബന്ധിപ്പിച്ചതോടെയാണ് ന പഞ്ചിംഗ് നടത്തി മുങ്ങുന്നവരുടെ മുങ്ങൽ സമയം കണക്കാക്കി ശമ്പളം പിടിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നടപടി സ്വീകരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഭരണപക്ഷ സംഘടനകളുടെ ഉൾപ്പെടെ എതിർപ്പ് മറികടന്നാണിത്.
രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ പ്രവൃത്തി സമയം.ആഴ്ചയിൽ മൂന്ന് ദിവസം വരെ, രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഫ്‌ളക്‌സി ടൈം അനുവദിക്കുമെങ്കിലും 7 മണിക്കൂർ ജോലി ചെയ്തിരിക്കണം. 5.15 ന് മുമ്പ് പോകുന്നവർ മേലധികാരിയുടെ അനുവാദം വാങ്ങണം. പഞ്ചിംഗിന് അനുവദിച്ചിരിക്കുന്ന 10 മിനിട്ട് ഗ്രേസ് ടൈമിന് പകരം മാസത്തിൽ 180 മിനിട്ട് ഗ്രേസ് ടൈം അനുവദിക്കും. ഗ്രേസ് ടൈം പരിധി അവസാനിച്ചാൽ മൂന്ന് ദിവസം താമസിച്ച് വരുന്നതിനും മൂന്ന് ദിവസം നേരത്തെ പോകുന്നതിനും ഓരോ കാഷ്വൽ ലീവ് വീതം കുറവ് വരുത്തും. വർഷത്തിൽ 20 കാഷ്വൽ ലീവും 33 കമ്മ്യൂട്ടഡ് ലീവുമാണ് (സറണ്ടർ ചെയ്യാൻ കഴിയുന്ന ആർജിത അവധി) ജീവനക്കാർക്കുള്ളത്. കമ്മ്യൂട്ടഡ് ലീവിൽ 30 എണ്ണം സറണ്ടർ ചെയ്ത് പണം വാങ്ങാം. വിരമിക്കുന്ന സമയം അവധി ബാക്കിയുള്ള ഉദ്യോഗസ്ഥർക്ക് 300 ലീവ് വരെ സറണ്ടർ ചെയ്യാം. ഇതിനു പുറമേ 10 ദിവസത്തെ ആർജിത അവധിയുമുണ്ട്. അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ പകരം അവധി ലഭിക്കും. ഗ്രേസ് ടൈം ബാലൻസ് സ്പാർക്കിലൂടെ ജീവനക്കാർക്കു കാണാം. ഹാഫ് ഡേ ജോലിക്കു ഗ്രേസ് ടൈം നൽകില്ല. മാസത്തിൽ 10 മണിക്കൂറോ അതിലധികമോ അധികസമയം ജോലി ചെയ്യുന്നവർക്കു മാസത്തിൽ ഒരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും. ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ല.
ശമ്പള ബിൽ തയാറാക്കുന്നതു മുൻ മാസം 16 മുതൽ പ്രസ്തുത മാസം 15 വരെയുള്ള ഹാജർ കണക്കാക്കിയാണ്. ജീവനക്കാർ ഓഫിസിൽ വരുമ്പോഴും പോകുമ്പോഴും ഐഡി കാർഡ് മുഖേനയോ പെൻ നമ്പർ രേഖപ്പെടുത്തിയോ ആണ് പഞ്ചിംഗ് ഉപകരണത്തിൽ ഹാജർ രേഖപ്പെടുത്തേണ്ടത്.
ജീവനക്കാരിൽ ചിലർ രാവിലെ നടക്കാൻ പോകുമ്പോഴും കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുമ്പോഴും ഇടയ്ക്ക് സെക്രട്ടേറിയറ്റിലെത്തി പഞ്ച് ചെയ്ത് മുങ്ങുകയും , ഗ്രേസ് സമയം അടക്കം വാങ്ങി കോമ്പൻസേറ്ററി അവധി കൈക്കലാക്കുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ഇത്തരക്കാരെ കുടുക്കാൻ സെക്രട്ടേറിയറ്റ് വളപ്പിലും പഞ്ചിംഗ് പോയിന്റിലും സ്‌ഥാപിച്ചിട്ടുള്ള ക്യാമറകളുടെ സഹായം തേടാനാണ് തീരുമാനം.
സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബറിനുള്ളിൽ ആധാർ അധിഷ്ഠിത പഞ്ചിങ് നടപ്പിലാക്കണമെന്നാണു സർക്കാരിന്റെ നിർദ്ദേശം. സ്പാർക്ക് ഇല്ലാത്ത ഓഫിസുകളിൽ സ്വതന്ത്രമായി മെഷീനുകൾ വാങ്ങി ഹാജർ നില പരിശോധിക്കണം. .