നുർ സുൽത്താൻ : ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യൻ താരങ്ങളായ ബജ്റംഗ് പൂനിയയ്ക്കും രവി ദഹിയയ്ക്കും ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചു.
65 കി.ഗ്രാം വിഭാഗത്തിൽ കസാഖിസ്ഥാന്റെ ദൗലത്ത് നിയാസ് ബെക്കോവിനോടാണ് ബജ്റംഗ് തോറ്റത്. ഇൗ ഭാരവിഭാഗത്തിലെ ലോക ഒന്നാം നമ്പർതാരവും ഏഷ്യൻ ഗെയിംസ് ചാമ്പ്യനുമാണ് ബജ്റംഗ്. കസാഖിസ്ഥാൻ താരത്തോട് 2-9ന് പിന്നിലായിരുന്ന ബജ്റംഗ് പിന്നീട് 9-9ന് തിരിച്ചെത്തിയങ്കിലും തോൽക്കേണ്ടിവന്നു. 2018 ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്ന ബജ്റംഗ് ഇനി വെങ്കല മെഡലിനായി റെപ്പാഷേ റൗണ്ടിലിറങ്ങും.
57 കി.ഗ്രാം വിഭാഗത്തിൽ റഷ്യൻ താരം സൗർ ഉഗേവിനോട് 4-6 എന്ന സ്കോറിനാണ് രവി ദഹിയ തോറ്റത്. രവിയും വെങ്കല മെഡലിനായി റെപ്പാഷേ റൗണ്ടിൽ ഇന്ന് മത്സരിക്കാനിറങ്ങും. നേരത്തെ വനിതാവിഭാഗത്തിൽ വിനേഷ് ഫോഗാട്ട് റെപ്പാഷേ റൗണ്ടിൽ വിജയിച്ച് വെങ്കലം നേടിയിരുന്നു.