എകാതറിൻ ബർഗ് : റഷ്യയിൽ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തി മെഡൽ ഉറപ്പാക്കിയ ഇന്ത്യൻ താരങ്ങളായ അമിത് ഫംഗലിനും മനീഷ് കൗശിക്കിനും അടുത്തവർഷം ചൈനയിൽ നടക്കുന്ന ഒളിമ്പിക് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ സെലക്ഷൻ ട്രയൽസ് കൂടാതെ പങ്കെടുക്കാൻ ഇന്ത്യൻ ബോക്സിംഗ് അസോസിയേഷൻ അനുമതി നൽകി. 2020 ഫെബ്രുവരിയിലാണ് ചൈനയിലെ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ്.
അമിത് ഫംഗൽ 52 കി.ഗ്രാം വിഭാഗത്തിലും മനീഷ് കൗശിക്ക് 63 കി.ഗ്രാം വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.
ലോക ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ അമിത് കസാഖിസ്ഥാന്റെ സാക്കെൽ ബിബോസിനോവിനെയും കൗശിക്ക് ക്യൂബയുടെ ആൻഡി ഗോമസിനെയുമാണ് നേരിടുന്നത്.
അമിതും കൗശിക്കും 2016 റിയോ ഒളിമ്പിക്സിൽ മത്സരിച്ചിരുന്നുവെങ്കിലും മെഡൽ നേടാനായിരുന്നില്ല. അമിത് 2018 ലെ ഏഷ്യൻ ഗെയിംസിലും ഇൗവർഷത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു.
കൗശിക്ക് 2018 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയിരുന്നു.