aliens

അന്യഗ്രഹജീവികൾ സഞ്ചാരം നടത്തുന്നതെന്ന് കരുതപ്പെടുന്ന പറക്കും തളികകൾ എന്നും മനുഷ്യന്റെ കൗതുകത്തെ ഉണർത്തിയിട്ടുണ്ട്. ഭൂമിയിൽ നിന്നും ഏറെ അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്ര സമൂഹങ്ങളിലും മറ്റും ഇത്തരത്തിലുള്ള ജീവികളോ, മനുഷ്യരുമായി സാമ്യമുള്ള ജന്തുക്കളോ ഉണ്ടോ എന്ന് ശാസ്ത്രജ്ഞൻമാരും തങ്ങളാൽ കഴിയുന്ന രീതിയിൽ ഗവേഷണങ്ങളിലൂടെയും മറ്റും അന്വേഷണങ്ങൾ നടത്തിയിട്ടുമുണ്ട്. എന്നാൽ അന്യഗ്രഹജീവികളുടെ കാര്യത്തിൽ ശക്തമായ സൂചന നൽകുന്ന ഏതാനും വീഡിയോകൾ അടുത്തിടെ പുറത്തുവന്നതോടെ ഇത്തരം ജീവികളുടെ കാര്യത്തിലുള്ള ചർച്ചകൾ വീണ്ടും സജീവകമാകുകയാണ്. അമേരിക്കൻ നേവിയുടെ റഡാറിലൂടെയാണ് യു.എഫ്.ഒ(തിരിച്ചറിയാനാകാത്ത പറക്കും വസ്തുക്കൾ)കളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന മൂന്ന് വീഡിയോകൾ പുറത്തുവന്നിരിക്കുന്നത്. ഇത് യു.എഫ്.ഒ തന്നെയാണെന്നും എന്നാൽ ഈ വീഡിയോകൾ ഒരിക്കലും ജനങ്ങളുടെ കൈയിലേക്ക് എത്താൻ പാടില്ലായിരുന്നുവെന്നും നേവി അധികൃതർ പറയുന്നു. ലൈവ് സയൻസ് പോർട്ടൽ യു.എസ് നേവിയുടെ ഈ പ്രസ്താവന സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ തങ്ങളുടെ കൈയിലുള്ള സാങ്കേതിക വിദ്യ അനുസരിച്ച് നേരിടാൻ കഴിയാത്ത വസ്തുക്കളാണവ. ഇതൊരിക്കലും പൊതുജനങ്ങൾ കാണണം എന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നില്ല. നാവികസേന ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ ഓപ്പറേഷൻസ് ഫോർ ഇൻഫർമേഷൻ വാർഫെയർ വക്താവായ ജോസഫ് ഗ്രേഡിഷർ പറഞ്ഞു. ഇരുണ്ടതും ഒരു ക്യാപ്സ്യൂളിന്റെ രൂപത്തിലുള്ളതുമായ ഒരു വസ്തുവിനെയാണ് വീഡിയോകളിലൊന്നിൽ കാണുന്നത്. വശങ്ങളിലേക്ക് മാറിക്കളിക്കുന്ന ഈ വസ്തുവിനെ ട്രാക്ക് ചെയ്യാൻ നിരീക്ഷണം നടത്തുന്ന വിമാനത്തിന്റെ സെൻസർ ലോക്ക് സംവിധാനം ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. നീളമുള്ള ഒരു വസ്തു വേഗത്തിൽ നീങ്ങുന്നതാണ് മറ്റൊരു വീഡിയോയിൽ ഉള്ളത്. ഇതിന്റെ ചലനം കണ്ട് അത് നിരീക്ഷിക്കുന്ന പൈലറ്റുമാർ അത്ഭുതത്തോടെ ഒച്ച വയ്ക്കുന്നതും വീഡിയോയിലൂടെ കേൾക്കാം. ന്യൂ യോർക്ക് ടൈംസ് ആണ് ഈ വീഡിയോകൾ പുറത്ത് കൊണ്ടുവന്നത്.