muthoot-finance

കൊച്ചി: തൊഴിലാളി സമരം സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ മാദ്ധ്യപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് മുത്തൂറ്റ്. ഒരു മണിക്കൂർ നേരം മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ച ശേഷം അവർ ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോൾ ക്ഷുഭിതനായി 'പത്രസമ്മേളനത്തിനല്ല എന്റെ മെസേജ് നിങ്ങൾക്ക് നൽകാൻ വേണ്ടി വന്നതാണെ'ന്ന് പറഞ്ഞ് ജോർജ്ജ് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറിയത്. എന്നാൽ ഒരു മണിക്കൂർ നേരത്തോളവും തങ്ങൾ താങ്കളെ കേട്ടിരുന്നു എന്നും അതിനാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം എന്നും മാദ്ധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു.

ഇതിന് രസകരമായ ന്യായീകരണമാണ് ജോർജ്ജ് മുത്തൂറ്റ് നൽകിയത്. പത്രസമ്മേളനം നടന്ന മുറിയിൽ മാർക്സിസ്റ്റുകാരുണ്ടെന്ന് പറഞ്ഞാണ് ചോദ്യം ചോദിക്കാനുള്ള തന്റെ വിമുഖതയെ ജോർജ്ജ് വിശദീകരിച്ചത്. ഇതിൽ പ്രകോപിതരായ മാദ്ധ്യമപ്രവർത്തകർ 'വൃത്തികേട് പറയരുതെ'ന്നും 'വിളിച്ചുവരുത്തിയിട്ട് ധാർഷ്ട്യം കാണിക്കുന്നോ?' എന്നും ജോർജ്ജിനോട് പറഞ്ഞു. അതോടെ 'വൃത്തികേട്' എന്ന വാക്ക് പിൻവലിക്കണം എന്നായി ജോർജ്ജ്.

പ്രധാനമന്ത്രി പറഞ്ഞാലും താൻ മുത്തൂറ്റിൽ തൊഴിലാളി യൂണിയൻ അനുവദിക്കില്ലെന്നും അഹങ്കാരം കാണിക്കുന്നവരെ മുത്തൂറ്റ് വെറുതെ വിടില്ലെന്നും ജോർജ്ജ് പറഞ്ഞിരുന്നു. സംഘടനാപ്രവർത്തനം നടത്താൻ നിയമപരമായി തൊഴിലാളികൾക്ക് അവകാശമുണ്ടെന്നിരിക്കെയാണ് ജോർജ്ജ് മുത്തൂറ്റ് അത് നിഷേധിക്കുന്നത്. ഹൈക്കോടതിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മദ്ധ്യസ്ഥ ചർച്ചകളോട് സഹകരിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ജോർജ്ജ് മുത്തൂറ്റ് പത്രസമ്മേളനം നടത്തുകയായിരുന്നു,