കൊച്ചി: മാട്രിമോണിയൽ സൈറ്റിൽ വ്യാജ പേര് രജിസ്റ്റർ ചെയ്ത് യുവതികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. പുനർവിവാഹിതർക്കുള്ള മാട്രിമോണിയൽ സൈറ്റിലാണ് യുവാവ് പേര് മാറ്റി രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇടുക്കി സ്വദേശി എർവിൻ ടി ജോയ് അറസ്റ്റിലായി. കൊച്ചി കലൂരിൽ നിന്നാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്.
ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിദേശത്ത് നിന്നും വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് നടപടി. പ്രതി എർവിനെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വേറെ പല യുവതികളെയും സമാന രീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.