പൊന്നിനെക്കാൾ മൂല്യമാണ് കരിമണലിന്. നമ്മുടെ തീരപ്രദേശങ്ങളിൽ പ്രകൃതിയുടെ ഇൗ വരദാനം സമൃദ്ധം. കൊല്ലം, ആലപ്പുഴ തീരദേശങ്ങളിൽ കരിമണൽ ധാരാളമായി കാണപ്പെടുന്നു. ധാതുസമ്പന്നമായ കരിമണൽ ധാതുമണൽ എന്നും അറിയപ്പെടുന്നു. കരിമണലിനെക്കുറിച്ച് കൂടുതലറിയാം.
നീണ്ടകര മുതൽ കായംകുളംവരെ
കേരളത്തിൽ നീണ്ടകര (കൊല്ലം) മുതൽ കായംകുളം (ആലപ്പുഴ) വരെയുള്ള കടൽത്തീരം കരിമണൽ കൊണ്ട് സമ്പന്നമാണ്. ലോകത്ത് തന്നെ ഏറ്റവും സമ്പുഷ്ടമായ കരിമണൽ സമ്പത്താണ് കേരളത്തിലേത്.
കരിമണലിൽ അടങ്ങിയിരിക്കുന്നത്
നിരവധി ധാതുക്കളുടെ കലവറയാണ് കരിമണൽ. അതെല്ലാം വിലപിടിപ്പുള്ള അമൂല്യധാതുക്കളാണ് എന്നറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം എത്രയെന്ന് മനസിലാവുക. ഇൽമനൈറ്റ്, മോണോസൈറ്റ്, റൂട്ടെൽ, സിർക്കോൺ, ഗാർനറ്റ് തുടങ്ങിയ നിരവധി ധാതുക്കൾ കരിമണലിലുണ്ട്.
വ്യവസായ ശാലകൾ
അസംസ്കൃത വസ്തുവായി കരിമണൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യവസായങ്ങൾ നമുക്കുണ്ട്.ട്രാവൻകൂർ ടൈറ്റാനിയം (ഇൽമനൈറ്റ്)കേരള മിനറൽസ് ആൻഡ് മെറ്റൽസ് (ഇൽമനൈറ്റ്), ഇന്ത്യൻ റെയർ എർത്ത്സ് (മോണോസൈറ്റ്)
ഹെർഷാംബർഗ് കണ്ടെത്തിയ നിധി
ഇന്ത്യൻ ഉത്പന്നങ്ങളുടെ ഒരു പ്രദർശനം ജർമ്മനിയിൽ നടക്കുകയായിരുന്നു. ഹെർഷാം ബർഗ് എന്ന രസതന്ത്രജ്ഞൻ അവിടം സന്ദർശിച്ചപ്പോഴാണ് കയർ കിടന്നിടത്ത് തിളക്കമുള്ള മണൽത്തരികൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കേരളത്തിലെ കരിമണൽ ലോകശ്രദ്ധയാകർഷിച്ചത് ഇതോടുകൂടിയായിരുന്നു. ഇതിന്റെ ഉറവിടം തേടി താമസിയാതെ ഹെർഷാംബർഗ് ഇന്ത്യയിലേക്ക് തിരിച്ചു. ഇവിടെയെത്തിയ അദ്ദേഹം കന്യാകുമാരി സന്ദർശിച്ചു. ധാതുമണൽ വ്യവസായശാല തുടങ്ങി.
കരിമണലിൽ നിന്ന് ഇൽമനൈറ്റ് വേർതിരിച്ചെടുക്കുന്ന വിദ്യ കണ്ടെത്തിയത് വെസ്ത് എന്ന ജർമ്മൻകാരനായിരുന്നു. ഇദ്ദേഹം നീണ്ടകരയിൽ ഒരു ചെറിയ ഫാക്ടറി തുടങ്ങി.
ഒന്നാം ലോകയുദ്ധസമയത്ത് ബ്രിട്ടീഷുകാർ ജർമ്മൻ ചാരനെന്ന് സംശയിച്ച് ഹെർഷാം ബെർഗിനെ അറസ്റ്റ് ചെയ്തതോടുകൂടി കരിമണൽ രംഗത്തെ കുത്തക അവസാനിച്ചു. എന്നാൽ ഇതിനോടകം കരിമണലിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കിത്തുടങ്ങി. ഇതിന്റെ ഫലമായി ഇതുമായി ബന്ധപ്പെട്ട് വ്യവസായശാലകൾ ഉയർന്നുവരാൻ തുടങ്ങി.
കരിമണലിന്റെ പിറവി
ധാതുക്കളാൽ സമ്പുഷ്ടമായ പാറകൾ പൊടിഞ്ഞുണ്ടായതാണ് കരിമണൽ. പാറകൾ പൊടിഞ്ഞ് നദികളിലൂടെ ഒഴുകി അത് കടൽത്തീരത്തെത്തുകയാണ്. നൂറ്റാണ്ടുകൾകൊണ്ടാണ് നമ്മുടെ തീരത്ത് ഇത്രയധികം കരിമണൽ സമ്പത്തുണ്ടായത്.
ഇൽമനൈറ്റ് വിദേശത്തേക്ക്
ചവറയിൽ നിന്ന് ഇൽമനൈറ്റ് ആദ്യമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തത് 1922 ലായിരുന്നു. എഫ്.എക്സ് പെരേര ആൻഡ് സൺസ് (ട്രാവൻകൂർ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ചവറയിൽ കരിമണൽ വ്യവസായത്തിന് ആധുനികമുഖം നൽകിയത്.
1940 കളിൽ നാല് പ്രധാന വ്യവസായ സ്ഥാപനങ്ങൾ കരിമണൽ രംഗത്ത് പരസ്പരം മത്സരിച്ചത് കരിമണലിന്റെ വ്യവസായിക പുരോഗതിയെ സഹായിച്ചു.
ഇൽമനൈറ്റും മോണോസൈറ്റും കേരള തീരത്ത് നിന്ന് വിദേശത്തേക്ക് കയറ്റി അയയ്ക്കപ്പെട്ടു.
കയറിൽ പോയ കരിമണ്ണ്
കയർ പിരിക്കുമ്പോൾ ബലം നൽകാനായി അതിൽ കരിമണൽ തേയ്ക്കാറുണ്ട്. അങ്ങനെയാണ് കയർ കയറ്റുമതി ചെയ്തതിലൂടെ കരിമണൽ ജർമ്മനിയിലെത്തിയത്.
ഇൽമനൈറ്റ്
ഇൽമനൈറ്റ് റൂട്ടെൽ എന്നിവ ടൈറ്റാനിയത്തിന്റെ അയിരുകളാണ്. ഭാവിയുടെ ലോഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടൈറ്റാനിയം വിമാനം, റോക്കറ്റ് എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. മാത്രവുമല്ല വസ്ത്രങ്ങൾ, ലോഹക്കൂട്ടുകൾ, പെയിന്റുകൾ, ടൂത്ത് പേസ്റ്റ് മുതലായ പലതിലും ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയിരിക്കുന്നു. അതായത് വിമാനം മുതൽ ടൂത്ത് പേസ്റ്റ്നിർമ്മാണത്തിന് വരെ ടൈറ്റാനിയം ആവശ്യമാണ്. കരിമണലിലെ ധാതുക്കളുടെ പ്രാധാന്യം ഇപ്പോൾ മനസിലായല്ലോ. കോടിക്കണക്കിന് ടൺ ടൈറ്റാനിയം അയിരാണ് നമ്മുടെ തീരത്തുള്ളത്.
കടൽത്തീരത്ത് മാത്രമല്ല
കേരളത്തിൽ കടൽത്തീരത്ത് മാത്രമല്ല ചില കായലുകളിലും ധാതുമണൽ നിക്ഷേപമുണ്ട്. അഷ്ടമുടിക്കായൽ, കായംകുളം കായൽ, വട്ടക്കായൽ മുതലായവയിൽ ധാതുമണൽ ശേഖരമുണ്ട്. ചാവക്കാട്, പൊന്നാനി, അഴീക്കോട് എന്നീ സ്ഥലങ്ങളിലും ധാതുമണൽ സമ്പത്തുണ്ട്.
എന്താണ് റെയർ എർത്ത് മെറ്റൽസ്
പേരിൽതന്നെ റെയർ എന്ന വാക്കുള്ള ഇത് ആദ്യകാലത്ത് അപൂർവമായി കരുതിയിരുന്ന ഒന്നായിരുന്നു. അതിനാലാണ് റെയർ എർത്ത് മെറ്റൽസ് എന്ന പേര് വന്നത്.
തോറിയം, യുറേനിയം, ക്യുറിയം, ബെർക്കിലിയം, ടെർബിയം തുടങ്ങി മുപ്പതോളം മൂലകങ്ങളാണ് ഇതിലുള്ളത്.
കരിമണൽ-ഇന്ത്യയിൽ
പ്രധാനമായും മൂന്ന് സ്ഥലങ്ങളിലാണ് ഇന്ത്യയിൽ കരിമണലുള്ളത്.
1. കേരളത്തിൽ നീണ്ടകര-കായംകുളം ഭാഗത്ത് 22 കി.മീറ്റർ ദൂരം
2. വില്ലിയൻ നദിമുഖം-മണവാളക്കുറിച്ചി (കന്യാകുമാരി) ഏകദേശം 6 കി.മീറ്ററാണ്. ഇൗ ദൂരം എം.കെ. ശേഖരം എന്ന് ഇതിനെ വിളിക്കുന്നു.
3. ഒഡീഷാതീരം
ഇതല്ലാതെ ഇന്ത്യയുടെ മറ്റുപല സ്ഥലങ്ങളിലും കരിമണൽ കാണപ്പെടുന്നുണ്ടെങ്കിലും കേരളത്തിലേത് പോലെ സമ്പന്നമായവ അല്ല അവ. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ശേഖരം കൊല്ലം മുതൽ കായംകുളംവരെയുള്ള തീരം ക്വയിലോൺ അഥവാ ക്യൂ ശേഖരം എന്നറിയപ്പെടുന്നു.
നമ്മുടെ തീരത്ത് കാണപ്പെടുന്ന കരിമണൽ 65 മുതൽ 85 ശതമാനംവരെ ധാതുക്കളാൽ സമ്പന്നമാണ്.
മോണോസൈറ്റ്
ലോഹധാതുവാണ് മോണോസൈറ്റ് . ലോകത്തിലെ പകുതിയോളം മോണോസൈറ്റ് ശേഖരവും കേരളതീരത്താണ്. ചവറയിലാണ് ആദ്യമായി മോണോസൈറ്റ് കണ്ടെത്തിയത്. തോറിയത്തിന്റെ ഫോസ്ഫേറ്റായ ധാതുവാണ് മോണോസൈറ്റ്.
അപൂർവധാതുക്കളാൽ സമ്പന്നമായതിനാൽ നമ്മുടെ തീരത്ത് കരിമണൽ ഖനനം നടക്കാറുണ്ട്. അശാസ്ത്രീയമായ കരിമണൽ ഖനനം പലവിധ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. കടൽക്കരയിലേക്ക് കയറുന്നത് തടയാൻ കരിമണലിന് കഴിയും. അമിതമായ കരിമണൽ ഖനനം കടലിലെ ചാകരയെ ഇല്ലാതാക്കുമെന്നാണ് പറയപ്പെടുന്നത്. ചാകര കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. മത്സ്യങ്ങൾ കൂട്ടത്തോടെ കാണപ്പെടുന്നതാണ് ഇൗ പ്രതിഭാസം. സ്വാഭാവിക തീരം നഷ്ടമാകുമ്പോൾ കടലിലെ ജീവികളെയും ബാധിക്കുന്നു.
കേരള മിനറൽസ് ആൻഡ് മെറ്റൽസ്
ലോകത്തിലെ ആദ്യത്തെസമ്പൂർണ ടൈറ്റാനിയം ഡയോക്സൈഡ് പ്ളാന്റാണിത്. സ്വകാര്യസ്ഥാപനമായി 1932 ൽ തുടങ്ങിയ ഇതിനെ 1956 ൽ സർക്കാർ ഏറ്റെടുത്തു. ടൈറ്റാനിയം ടെട്രാക്ളോറൈഡ്, സിർക്കോൺ, ഇൽമനൈറ്റ് മുതലായ പല ഉത്പന്നങ്ങളും കെ.എം.എം.എൽ പുറത്തിറക്കുന്നു.
ഇന്ത്യൻ റെയർ എർത്ത്സ്
ധാതുമണൽ മേഖലയിൽ പ്രശസ്തമായ സ്ഥാപനമാണിത്. ചവറയിൽ സ്ഥിതി ചെയ്യുന്ന ഇൗ പൊതുമേഖലാസ്ഥാപനം ധാതു മണലിൽനിന്ന് അയിരുകൾ വേർതിരിച്ചെടുക്കുന്നു
കാലപ്പഴക്കം കുറവ്
പ്രകൃതിയിലെ മറ്റ് ലോഹ നിക്ഷേപങ്ങളെ അപേക്ഷിച്ച് കാലപ്പഴക്കം കുറഞ്ഞതാണ് ധാതുമണൽ. ഭൗമോപരിതലത്തിൽനിന്ന് 18 മീറ്ററിൽ കൂടുതലല്ലാത്ത ആഴത്തിലായിരിക്കും ഇവ കാണപ്പെടുക.
ധാതുമണൽ മറ്റു രാജ്യങ്ങളിൽ
ധാതുമണൽ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ആസ്ട്രേലിയ. കാനഡ, ന്യൂസിലൻഡ് മുതലായ രാജ്യങ്ങളിലും വൻതോതിൽ ധാതുമണൽ നിക്ഷേപമുണ്ട്.
കരിമണൽ ഖനനം-പ്രശ്നങ്ങൾ
അമിതമായ ഖനനം ചില പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്
1. കടലാക്രമണം
2. തീരപ്രദേശത്തെ ഭൂമിയുടെ ലഭ്യതക്കുറവ്
3. റേഡിയോ അണുപ്രസരണം
4. ജലത്തിന്റെ സ്വഭാവമാറ്റം