red-142

തലയോട്ടിയുടെ വായ്ക്കുള്ളിൽ ഒരു ചെറിയ തീക്കനൽ പോലെ എന്തോ ജ്വലിക്കുന്നത് ഭാനുമതി കണ്ടു.

അടുത്ത നിമിഷം വായിലൂടെയും മൂക്കിന്റെയും കണ്ണുകളുടെയും ചെവികളുടെയും ഭാഗത്തുനിന്ന് പുക പുറത്തേക്കു വരുവാൻ തുടങ്ങി....

ഭാനുമതി നിലവിളിക്കുവാനായി വാ തുറന്നു. പക്ഷേ ശബ്ദം പുറത്തുവന്നില്ല. പകരം കാറ്റുപോലെ എന്തോ വന്നു.

പുറത്തേയ്ക്കു വന്നു തുടങ്ങിയ പുകയ്ക്ക് എന്തോ ഒരു ഗന്ധം!

കുന്തിരിക്കത്തിന്റേതു പോലെ... ആ പുക തന്നെ വിഴുങ്ങും എന്നു തോന്നി ഭാനുമതിക്ക്.

അവരുടെ കൃഷ്ണമണികൾ കൺപോളകൾക്കുള്ളിൽ മേലേക്കു മറിഞ്ഞു.

ഭാനുമതി പക്ഷേ താഴെ വീണില്ല. ആരോ കൈകളിൽ താങ്ങിയെടുക്കുന്നതു പോലെ അവർക്കു തോന്നി.

പിന്നെ അന്തരീക്ഷത്തിൽ ഒഴുകുന്നതു പോലെയോ... അല്ലെങ്കിൽ ചിതയിലേക്കെടുത്ത ശവം പോലെയോ

അവർ അടുക്കള വാതിൽ വഴി പുറത്തേക്കു പോയി...

*** **** *****

മേൽ കഴുകി തിരികെയെത്തിയ ഹേമലത വേഷം മാറി. ഇളം മഞ്ഞ നിറത്തിലുള്ള ഒരു നൈറ്റി അവൾ ധരിച്ചു.

പിന്നെ അലമാരയിലെ കണ്ണാടിക്കു മുന്നിൽ നിന്ന് തന്റെ സൗന്ദര്യം സ്വയം ആസ്വദിച്ചു.

ചുണ്ടുകൾ പല ഭാഗങ്ങളിലേക്കും വളച്ച് അവൾ ചിരിച്ചുനോക്കി. ഏതാണ് തന്റെ ഏറ്റവും മനോഹരമായ ചിരി?

ഇനിയൊരിക്കലും തന്നെ വിട്ടിട്ട് സുരേഷ് മറ്റൊരു സ്ത്രീയുടെ പിന്നാലെ പൊയ്‌ക്കൂടാ.

പലപ്പോഴും പുരുഷൻ ഭാര്യയെ ഉപേക്ഷിച്ച് മറ്റ് സ്ത്രീകൾക്കു പിന്നാലെ പോകുന്നത് ഭാര്യയുടെ കഴിവുകേടുകൊണ്ടാണെന്ന് അവൾക്കു തോന്നിയിട്ടുണ്ട്.

ഒന്നോ രണ്ടോ കുട്ടികൾ ആയിക്കഴിഞ്ഞാൽ മിക്കവാറും സ്ത്രീകൾ മനസ്സിനെ സ്വയം വാർദ്ധക്യത്തിന്റെ അകത്തളങ്ങളിലേക്കു തള്ളിവിടും. ഭർത്താവിന്റെ ഇംഗിതങ്ങളെ അവൾ പ്രതിരോധിക്കും. അതിന് അവൾ സ്വയം ഒരുപാട് ന്യായങ്ങൾ കണ്ടെത്തും!

''അയ്യേ... രണ്ട് പിള്ളേരുടെ അമ്മയാ ഞാൻ..."

''ശ്ശോ.... പിള്ളേരെങ്ങാനും കണ്ടാൽ..."

''ഇത്രയും പ്രായമായിട്ടും നിങ്ങൾക്ക് ഇത് എന്തിന്റെ കേടാ മനുഷ്യാ.."

''കൊച്ചുകുട്ടികളൊന്നുമല്ലല്ലോ നമ്മൾ... ഇനിയെങ്കിലും മനസ്സിൽ അല്പം പക്വത വരണ്ടേ?"

ഇത്തരം ചോദ്യങ്ങളൊക്കെയാവാം തന്റെ ഭർത്താവിന്റെ ഡെൽഹിയിലെ യുവതിയുമായി അടുപ്പിച്ചതെന്ന് തോന്നിയിട്ടുണ്ട് ഹേമലതയ്ക്ക്.

അവൾ തന്റെ പ്രതിബിംബത്തെ സ്വയം വിലയിരുത്തി.

സുന്ദരിയാണ് താൻ. മേക്കപ്പിനോടുള്ള ഭ്രമമൊക്കെ വർഷങ്ങൾക്കു മുമ്പേ അവസാനിച്ചതാണ്.

ബ്യൂട്ടി പാർലറിൽ പോയിട്ട് അഞ്ചു വർഷമാകുന്നു.

ഹേമലത അല്പം കൺമഷിയെടുത്ത് കൺപോളകളിൽ പുരട്ടി. അപ്പോൾ തന്റെ കണ്ണുകൾക്ക് തിളക്കം കൂടിയതുപോലെ അവൾക്കു തോന്നി.

പിന്നെ ചെറിയ ചെപ്പിൽ നിന്ന് ഇത്തിരി സിന്ദൂരം എടുത്ത് നെറുകയിൽ തൊട്ടു.

മുടികൾ പിന്നിലേക്കൊതുക്കി അല്പം ചരിഞ്ഞു നിന്നു നോക്കി.

ഇപ്പോൾ നല്ല ലാസ്യ ഭാവമുണ്ട്.

നേർത്ത പുഞ്ചിരിയോടെ അവൾ മുറിവിട്ടു.

ടിവി കണ്ടുകൊണ്ടിരുന്ന ആരവിനെയും ആരതിയെയും ശ്രദ്ധിച്ചു.

''മതി കുട്ടികളേ. ഇനി നിർത്തിക്കോ. എന്നിട്ട് വന്ന് വല്ലതും കഴിക്ക്."

''ങാ." ആരവ് തലയാട്ടി.

ഹേമലത പുറത്തേക്കു ചെന്നു.

എം.എൽ.എ ശ്രീനിവാസ കിടാവും സുരേഷും നല്ല ഫോമിൽ ആയിക്കഴിഞ്ഞിരുന്നു.

അവൾക്കു ചിരി വന്നു.

അച്ഛനും മകനുമാണെന്ന യാതൊരു ചിന്തയുമില്ല രണ്ടുപേർക്കും. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതു കണ്ടില്ലേ?

''അപ്പഴേ... ഈ മഞ്ഞുകൊണ്ട് ഇങ്ങനെയിരിക്കാനാണോ പദ്ധതി?

വല്ലതും കഴിക്കണ്ടേ?"

അവൾ ചിരിയോടെ തിരക്കി.

കിടാവും മകനും അവൾക്കു നേരെ തിരിഞ്ഞു.

''പിന്നേ... വിശക്കുന്നു."

കിടാവ് എഴുന്നേറ്റു.

''വാടാ സുരേഷേ..."

''ഓ..."

കഴിച്ചതിന്റെ അവശേഷിപ്പുകൾ അവിടെത്തന്നെ വച്ചിട്ട് ഇരുവരും ഹേമലതയുടെ പിന്നാലെ പോന്നു.

തീൻമേശയുടെ മുന്നിൽ അച്ഛനും മകനും ഇരുന്നു. ആരവും ആരതിയും ഓടിവന്നു.

''നിങ്ങളും ഇരിക്ക് മക്കളേ..." കിടാവ് അവരെ തന്റെ ഇരുവശത്തുമുള്ള കസേരകളിൽ പിടിച്ചിരുത്തി.

''ഭാനുമതീ. എല്ലാം എടുത്തോ." പറഞ്ഞുകൊണ്ട് ഹേമലത അടുക്കളയിലേക്കു നീങ്ങി.

എന്നാൽ ഭാനുമതി വിളികേട്ടില്ല.

''അവരുറങ്ങിയോ?"

ഹേമലത പിറുപിറുത്തു.

അടുക്കളയിൽ ഭാനുമതിയെ കണ്ടില്ല. കൂടുതൽ തിരയാൻ സമയം കളയാതെ ഹേമലത ഒരു പാത്രം എടുത്തു.

എന്നാൽ അതേ സമയം അവളുടെ നെറ്റി ചുളിഞ്ഞു.

ഭക്ഷണം പാകം ചെയ്ത് അടച്ചുവച്ചിരുന്ന ടേബിൾ ശൂന്യം.

ഭാനുമതി അവ എവിടേക്കു മാറ്റിവച്ചു?

ഹേമലതയ്ക്കു ദേഷ്യം വന്നു.

''ഭാനുമതീ.." അവൾ ഉച്ചത്തിൽ വിളിച്ചു.

മറുപടിയില്ല!

അടുക്കള വാതിൽ തുറന്നുകിടപ്പുണ്ട്. അവർ പുറത്തെ ബാത്ത്‌റൂമിൽ പോയിരിക്കും.

വാതിൽക്കൽ ചെന്ന് ഒന്നുകൂടി ഉച്ചത്തിൽ വിളിച്ചു.

ഇപ്പോഴുമില്ല ഉത്തരം....

ഹേമലതയ്ക്കു ഭീതിയായി.

''എന്താടീ"

പിന്നിൽ ശബ്ദം കേട്ട് അവൾ തിരിഞ്ഞു.

സുരേഷ് കിടാവ്!

ഹേമലതയുടെ ശബ്ദം വിറച്ചു:

''ഉണ്ടാക്കി വച്ചിരുന്ന ആഹാരം കാണുന്നില്ല... ഭാനുമതിയെയും...."

''ങ്‌ഹേ?" സുരേഷിന്റെയുള്ളിലും നടുക്കത്തിന്റെ കൊള്ളിയാൻ പാഞ്ഞു...

(തുടരും)