ദുബായ്: അല്ലേലും മലയാളി അങ്ങനെയാണ്, റോക്കറ്റ് സയൻസ് മുതൽ ഹൈടെക് ക്ലീനിംഗ് ടെക്‌നോളജി വരെ സ്വന്തമായി വികസിപ്പിച്ച് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ചേക്കേറിയവർ. ലോകത്തിലെ പല അപൂർവങ്ങളായ നേട്ടത്തിനും ഉടമയായവർ. അങ്ങനെ നിരവധി വിശേഷണങ്ങൾ മലയാളിക്ക് സ്വന്തമായിട്ടുണ്ട്. ഇത്തരത്തിലൊരു അപൂർവ നേട്ടം സ്വന്തമാക്കിയ പ്രവാസി മലയാളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. ആപ്പിൾ കമ്പനി അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ പ്രോ മാക്‌സ് യു.എ.ഇയിൽ സ്വന്തമാക്കുന്ന ആദ്യയാളായ സുലൈമാനാണ് ഈ താരം. മണിക്കൂറുകൾ കാത്തുനിന്ന് ഐഫോൺ പ്രേമികളായ നിരവധി പേരെ പിന്നിലാക്കിയാണ് സുലൈമാൻ ഈ നേട്ടം സ്വന്തമാക്കിയത്.
ഇക്കഴിഞ്ഞ സെപ്‌തംബർ 10നാണ് അമേരിക്കയിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വച്ച് ഐഫോൺ 11 പ്രോ മാക്‌സ് , ഐഫോൺ 11 പ്രോ എന്നീ മോഡലുകൾ പുറത്തിറക്കിയത്. അധികം വൈകാതെ തന്നെ ഈ മോഡൽ യു.എ.ഇ മാർക്കറ്റിലുമെത്തി. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന രീതിയിലായിരുന്നു കമ്പനിയുടെ വിൽപന നയം ക്രമീകരിച്ചിരുന്നത്. തുടർന്ന് മലയാളിയായ സുലൈമാൻ തലേന്ന് തന്നെ ദുബായ് മാളിയെ ഐഫോൺ ഷോറൂമിലെത്തി കാത്തിരുന്നു. വരിയിൽ ആദ്യം തന്നെ നിൽക്കുകയും ചെയ്‌തു. യു.എ.ഇയിലെ ആദ്യ ഐഫോം 11 പ്രോ മാക്‌സ് സ്വന്തമാക്കുകയും ചെയ്‌തു. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഫോൺ 6 നാല് വർഷം പഴക്കമുള്ളതാണെന്നും അതിനാലാണ് പുതിയ ഫോൺ വാങ്ങാൻ തീരുമാനിച്ചതെന്നും സുലൈമാൻ പറഞ്ഞു. പുതിയ ഫോണിന്റെ ക്യാമറ ഫീച്ചറുകളാണ് തന്നെ കൂടുതൽ ആകർഷിച്ചത്. ഫോണിന്റെ ഫീച്ചറുകളെല്ലാം തന്നെ വളരെ മികച്ചതായിരുന്നു. തുടർന്നാണ് എന്ത് കഷ്‌ടപ്പാട് സഹിച്ചും ആദ്യ ഫോൺ സ്വന്തമാക്കണമെന്ന് തീരുമാനിച്ചതെന്നും സുലൈമാൻ വ്യക്തമാക്കി. ഉസ്ബെകിസ്ഥാൻ സ്വദേശിയായ ദാവ്‌റോൺ ആണ് രണ്ടാമത് ഫോൺ സ്വന്തമാക്കിയത്.
ട്രിപ്പിൾ ലെൻസ് ക്യാമറയുമായി വിപണിയിലെത്തുന്ന ഐഫോൺ 11 പ്രോയുടെ 64 ജിബി വേർഷന് 4219 ദിർഹം (ഏകദേശം 80,000രൂപ), 256 ജിബി വേർഷന് 4849 (ഏകദേശം 93,000 രൂപ), 512 ജിബി വേർഷന് 5699 ദിർഹം (ഏകദേശം 1,10,000 രൂപ) എന്നിങ്ങനെയാണ് വില. പ്രോ മാക്‌സാകട്ടെ, യഥാക്രമം 4639, 5269, 6119 ദിർഹം എന്നിങ്ങനെയും ലഭ്യമാകുന്നു.