prithviraj-prasanna

പൃഥ്വിരാജ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ 'ബ്രദേഴ്‌സ് ഡേ'യിലൂടെ മലയാളികൾക്ക് സുപരിചിതനായി കഴിഞ്ഞിരിക്കുന്നു പ്രസന്ന. ചിത്രത്തിലെ പ്രതിനായക വേഷം മികച്ചതാക്കി മലയാളത്തിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് താരം. എന്നാൽ പ്രസന്നയ്‌ക്ക് മുമ്പെ മലയാളത്തിന്റെ സ്നേഹം സ്വന്തമാക്കിയത് ഭാര്യയും സൂപ്പർ നായികയുമായിരുന്ന സ്നേഹയായിരുന്നു. 2000ൽ പുറത്തിറങ്ങിയ 'ഇങ്ങനെ ഒരു നിലാപക്ഷി'യിലൂടെയാണ് സ്നേഹ മലയാളത്തിൽ എത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി സ്‌നേഹ മാറിയെന്നത് ചരിത്രം. പ്രസന്നയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനും തുടർന്നുള്ള വിവാഹത്തിനും ശേഷം സ്‌നേഹ സിനിമയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

എന്നാൽ ഈ സമയം, തമിഴിൽ മികച്ച കഥാപത്രങ്ങൾ പ്രസന്നയെ തേടി എത്തി. മിക്കതും പ്രതിനായക വേഷങ്ങൾ. പവർപാണ്ടി, നിബുണൻ, തുപ്പറിവാളൻ, തിരുട്ടുപയലേ ടു തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. ഒടുവിൽ ഇപ്പോഴിതാ ബ്രദേഴ്‌സ് ഡേയിലും. മലയാളം ചിത്രങ്ങൾ ഒരുപാട് കാണാറുണ്ടായിരുന്നെങ്കിലും തന്നെ അത്‌ഭുതപ്പെടുത്തിയത് പൃഥ്വിരാജിന്റെ ഇംഗ്ളീഷ് ആണെന്ന് പറയുകയാണ് പ്രസന്ന.

'എന്നെ അത്‌ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ളീഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈയിടെ ഖത്തറിൽ നടന്ന പ്രമോഷൻ പരിപാടിയിൽ രാജുവിന്റെ പ്രസംഗം കേട്ട് സദസിലെ പലരും സ്‌തംഭിച്ചിരുന്ന് പോയി. ഇതിന്റെ ഏറ്റവും ബെസ്‌റ്റ് എൻകാപ്‌സുലേഷൻ( സാരാംശം) എന്നൊക്കെ പറഞ്ഞു തകർത്തു പ്രസംഗിക്കുകയാണ് രാജു. ഞാൻ അന്തം വിട്ട് സംവിധയകൻ ഷാജോണിന്റെ മുഖത്ത് നോക്കിയപ്പോൾ ഇതൊക്കെ ചെറുത് എന്ന മട്ടിൽ പ്രത്യേക ഭാവത്തിൽ ഒരു ജ്ഞാനിയെ പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ ഒന്നുണ്ട്. സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ളീഷ്. വായനകൊണ്ടും മറ്റും നേടി എടുത്തതാണത്'- ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രസന്നയുടെ പ്രതികരണം.