മലപ്പുറം: ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് വണ്ണിലെ ജീവനക്കാരായിരുന്ന രണ്ട് മലയാളികൾ നാട്ടിൽ തിരിച്ചെത്തി. മലപ്പുറം സ്വദേശി കെ.കെ അജ്മൽ, കാസർകോട് സ്വദേശി പ്രജിത്തുമാണ് തിരികെ നാട്ടിലെത്തിയത്. ഗ്രേസ് വണ്ണിലെ ജൂനിയർ ഓഫീസറായിരുന്നു അജ്മൽ. കപ്പലിൽ നിന്ന് മോചിതനായ ശേഷം, നടപടികൾ പൂർത്തിയാക്കി ഇന്നലെയാണ് അജ്മൽ ദുബായിലെത്തിയത്. ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് അജ്മൽ നാട്ടിലേക്ക് തിരിച്ചത്. ഇന്ന് പുലർച്ചെയാണ് അജ്മൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. കാസർകോട് സ്വദേശി പി പ്രജിത്ത് രണ്ട് ദിവസം മുൻപേ നാട്ടിൽ തിരിച്ചെത്തിയിരുന്നു.
അന്താരാഷ്ട്ര വിലക്ക് ലംഘിച്ച് സിറിയയിലേക്ക് പെട്രോളിയം ഉത്പനങ്ങൾ കടത്തിയെന്നാരോപിച്ചായിരുന്നു ജിബ്രാൾട്ടർ കടലിടുക്കിൽ വച്ച് ഗ്രേസ് വൺ ഇറാനിയൻ ടാങ്കർ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. ഇറാനിയൻ കപ്പൽ ഗ്രേസ് –1 വിട്ടുനൽകാൻ ജിബ്രാൾട്ടർ കോടതി ഉത്തരവിട്ടിരുന്നു. 2.1 മില്യൻ ബാരൽ എണ്ണയുമായി പോയിരുന്ന ഇറാനിയൻ കപ്പൽ ഗ്രേസ് 1, ജൂലായ് നാലിനാണ് ബ്രിട്ടൻ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ വിലക്കു ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയി എന്നാരോപിച്ചാണ് കപ്പൽ പിടികൂടിയത്.
പാനമയിൽ റജിസ്റ്റർ ചെയ്ത കപ്പലിന്റെ റജിസ്ട്രേഷൻ ഇറാനിലേക്കു മാറ്റാമെന്നും കപ്പലിന്റെ ലക്ഷ്യസ്ഥാനം യൂറോപ്യൻ യൂണിയൻ വിലക്കു ബാധകമാകാത്ത രാജ്യത്തേക്കു മാറ്റാമെന്നും ഇറാൻ ഉറപ്പു നൽകിയതിനെത്തുടർന്നാണ് ജിബ്രാൾട്ടർ കോടതി കപ്പൽ വിട്ടയച്ചത്. എന്നാൽ ഗ്രേസ്–1 വിട്ടയയ്ക്കാൻ ഉത്തരവിട്ട ജിബ്രാൾട്ടർ സുപ്രീം കോടതിക്ക് ഒരുതരത്തിലുമുള്ള ഉറപ്പുകളും നൽകിയിട്ടില്ലെന്ന് ഇറാൻ മറുപടി നൽകി. അതേസമയം, ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റെനാ ഇംപെറോയിലെ മലയാളികളെ ഇതുവരെ മോചിപ്പിക്കാനായിട്ടില്ല.