പനാജി: സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ഏറ്റവും ധീരമായ പാക്കേജായി,
വ്യവസായ മേഖലയിൽ വലിയ തോതിൽ നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും കളമൊരുക്കിക്കൊണ്ട് കോർപറേറ്റ് നികുതിയിൽ വൻ ഇളവുകൾ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചു. ഇതിനുള്ള ഓർഡിനൻസും ഇറക്കി.
ആഭ്യന്തര കമ്പനികളുടെയും പുതുതായി തുടങ്ങുന്ന മാനുഫാക്‌ചറിംഗ് കമ്പനികളുടെയും നികുതി 10 % മുതൽ 12% വരെയാണ് കുറച്ചത്. ഇളവുകൾ പറ്റുന്ന എല്ലാ ബിസിനസ് സ്ഥാപനങ്ങളുടെയും മിനിമം നികുതിയും കുറച്ചിട്ടുണ്ട്.
വിദേശ നിക്ഷേപകരെ ആകർഷിക്കാനും ജപ്പാൻ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ കോർപറേറ്റ് മേഖലയുമായി മത്സരിക്കാനും ഇന്ത്യൻ കോർപറേറ്റ് മേഖലയെ ഇത് പ്രാപ്‌തമാക്കുമെന്നാണ് പ്രതീക്ഷ.
മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണിയിൽ നിക്ഷേപകരുടെ വരുമാനത്തിൽ 6.82 ലക്ഷത്തിലധികം കോടി രൂപയുടെ മുന്നേറ്റമുണ്ടായത് ഉണർവിന്റെ തെളിവാണ്.
അതേസമയം, പുതിയ ഇളവുകളിലൂടെ സർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്‌ടം കണക്കാക്കുന്നു.
സർക്കാരിന്റെ നാലാംഘട്ട ഉത്തേജക പാക്കേജാണിത്. ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്‌കാരം.
പ്രഖ്യാപനങ്ങൾ
ആഭ്യന്തര കമ്പനികളുടെ കോർപറേറ്റ് നികുതി 30 %ത്തിൽ നിന്ന് 22 % ആയി കുറച്ചു. സർചാർജും സെസും ഉൾപ്പെടെ ഇനി നികുതി 25.17 %മാത്രം. പ്രത്യേക സാമ്പത്തിക മേഖലയിലുള്ള (സെസ്) കമ്പനികൾക്ക് നികുതി ഇളവില്ല.
മേക്ക് ഇൻ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താൻ, ഒക്‌ടോബർ 1 മുതൽ പുതുതായി ആരംഭിക്കുകയും 2023 മാർച്ച് 31ന് മുമ്പ് ഉൽപ്പാദനം തുടങ്ങുകയും ചെയ്യുന്ന മാനുഫാക്‌ചറിംഗ് കമ്പനികൾക്ക് നികുതി 15 ശതമാനമായി കുറയും. സർചാർജ് ഉൾപ്പെടെ 17.01 ശതമാനമാകും.
പ്രത്യേക ആനുകൂല്യങ്ങൾ പറ്റുന്ന കമ്പനികളുടെ ഉയർന്ന ലാഭത്തിന് ഏർപ്പെടുത്തിയ മിനിമം ആൾട്ടർനേറ്റ് നികുതി (മാറ്ര്) 18.5ൽ നിന്ന് 15 ശതമാനമായി കുറച്ചു. നികുതി ബാദ്ധ്യതയില്ലാത്ത പുതിയ കമ്പനികൾ മാറ്റ് നൽകേണ്ടതില്ല.
4 കഴിഞ്ഞ ബഡ്‌ജറ്റിൽ, വിദേശ പോർട്ടഫോളിയോ നിക്ഷേപകർക്ക് ഏർപ്പെടുത്തിയ സൂപ്പർ സർചാർജ് ഒഴിവാക്കി.
2019 ജൂലായ് 5ന് മുമ്പ് ഓഹരി ബൈബാക്ക് പ്രഖ്യാപിച്ച ലിസ്‌റ്റഡ് കമ്പനികൾ, ആ ഇടപാടിന് നികുതി നൽകേണ്ടതില്ല.
സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്‌സിന് (എസ്.ടി.ടി ) വിധേയമായ കമ്പനികൾ ഓഹരി വില്പനയിലൂടെ നേടുന്ന മൂലധന നേട്ടത്തിന് അധിക സർചാർജ് വേണ്ടെന്നു വച്ചു
കോർപറേറ്ര് സ്ഥാപനങ്ങളുടെ രണ്ട് ശതമാനം സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഇനി സ്‌റ്റാർട്ടപ്പ് ഇൻകുബേഷൻ, ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദേശീയ ലാബുകൾ എന്നിവിടങ്ങളിലേക്കും വിനിയോഗിക്കാം.