തിരുവനന്തപുരം: കിഫ്ബിയിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് വെെദ്യുതമന്ത്രി എം.എം മണി പറഞ്ഞു. ഉത്തരവാദിത്തമുള്ള നേതാവാണെങ്കിൽ പരാതി നൽകണമെന്നും ആരോപണത്തിന് പിന്നിൽ പാലായിലെ അങ്കലാപ്പാണെന്നും എം.എം മണി പ്രതികരിച്ചു.
കിഫ്ബിയുടെ പേരിൽ കോടികളുടെ അഴിമതി നടന്നതാതായണ് നേരത്തെ ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചത്. കെ.എസ്.ഇ.ബി ടെൻഡർ നൽകിയതിലാണ് അഴിമതി. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വൻകിട ട്രാൻഗ്രിഡ് പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതികളായ കോട്ടയം ലൈൻസ്, കോലത്തുനാട് പദ്ധതികൾ കിഫ്ബി വഴിയാണ് നടപ്പാക്കിയത്. ഇവയ്ക്ക് ടെൻഡർ നൽകിയപ്പോൾ എൽ ആൻഡ് ടി, സ്റ്റർലൈറ്റ് എന്നീ വൻകിട കമ്പനികൾക്കുവേണ്ടി പ്രീ ക്വാളിഫിക്കേഷനിൽ മാറ്റംവരുത്തി. ചട്ടങ്ങളിൽ ഭേദഗതി വരുത്തി, സാധാരണ നിരക്കിനേക്കാൾ 60 ശതമാനം ഉയർന്ന നിരക്കിലാണ് ടെൻഡർ നൽകിയതെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.