ശ്രീനാരായണ ഗുരുദേവന്റെ 92 -ാം മഹാസമാധി ദിനം ഇന്ന് ലോകത്തുള്ള എല്ലാ ഗുരുദേവ വിശ്വാസികളും ഭക്തിപൂർവം ആചരിക്കുകയാണ്. 91 - ാം മഹാസമാധി ദിനത്തോടനുബന്ധിച്ചായിരുന്നു ശിവഗിരിമഠത്തിൽ യതിപൂജ നടത്തിയത്. ലോകത്തുള്ള എല്ലാ ഗുരുഭക്തരും ഒന്നിച്ചു ചേരാനുള്ള അവസരമായിരുന്നു അത്. ഗുരുദേവന്റെ മഹാസമാധി ദിനം എങ്ങനെയായിരിക്കണം ആചരിക്കേണ്ടതെന്ന് പലർക്കും വ്യക്തമായ ഒരവബോധം ഉള്ളതായി കാണുന്നില്ല. പലപ്പോഴും മറ്റ് പല മഹാത്മാക്കളുടെയും സമാധിദിനം പോലെ ആചരിക്കുന്നത് ശരിയല്ല.
സമാധിയെ മനസിലാക്കാൻ ആദ്ധ്യാത്മികമായ ഒരു സംസ്കാരം ആവശ്യമാണ്. ഏറ്റവും ലളിതമായി പറഞ്ഞാൽ കാലദേശത്തിനുള്ളിൽ ഉള്ള ഈ മനുഷ്യശരീരത്തെ ബോധപൂർവം ഉപേക്ഷിച്ച് പരംപൊരുളിൽ ജീവനെ വിലയം പ്രാപിപ്പിക്കുന്ന അതിസൂക്ഷ്മമായ പ്രക്രിയയാണ് സമാധി. സാധാരണ മനുഷ്യർക്ക് ശരീരം ഉപേക്ഷിക്കേണ്ടി വരുമ്പോൾ ഈ പ്രക്രിയ നടക്കുന്നില്ല. കാരണം ജീവന്റെ ഗതിയെക്കുറിച്ചും ജീവനും പരംപൊരുളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവർക്കറിയില്ല. ഇങ്ങനെയുള്ള സങ്കീർണതകളെക്കുറിച്ച് മനസിലാക്കാത്തവരാണ് ഗുരുവിന്റെ മഹാശരീരത്യാഗത്തെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത്. ഭൗതികവാദം ശക്തമായിരിക്കുമ്പോൾ ആദ്ധ്യാത്മിക ചിന്ത മന്ദീഭവിച്ചിരിക്കും. അപ്പോഴാണ് ചില ബാഹ്യമായ പ്രവൃത്തികൾ വച്ച് വിലയിരുത്തലുകൾ നടക്കുന്നതും നടത്തുന്നതും. ഭൗതികവാദത്തിന്റെ ന്യൂനതയും ഇതു തന്നെയാണ്. അവർ ആന്തരികസത്തയെക്കുറിച്ച് ചിന്തിക്കാതെയും മറ്റുമാണ് പ്രതികരിക്കുന്നതും. ഒരുതരം അന്ധവിശ്വാസം എന്നുതന്നെ പറയാം
.
ഗുരുദേവൻ പ്രവർത്തിച്ച കാലഘട്ടത്തിൽ ധർമ്മത്തിന് അഥവാ യഥാർത്ഥ ആത്മീയതയ്ക്ക് ഗ്ലാനി സംഭവിച്ചപ്പോൾ ഭൗതിക സാഹചര്യങ്ങൾ വികലമായിട്ടാണ് സമൂഹത്തിൽ പ്രചരിച്ചു കൊണ്ടിരുന്നത്. അതിന്റെ മൂലകാരണം കണ്ടറിഞ്ഞ് അതിനെ ചികിത്സിക്കുകയായിരുന്നു ഗുരു. സമൂഹം ആ പ്രവൃത്തിയുടെ സൂക്ഷ്മതലം മനസിലാക്കിയില്ല. മറിച്ച് ബാഹ്യതലത്തിൽ നിന്നുകൊണ്ട് ഗുരുവാണികളെയും പ്രവർത്തികളെയും വിലയിരുത്താൻ ശ്രമിച്ചു. ഇന്നും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ ഫലമാണ് ഗുരുവിനെ വെറും ഒരു സാമൂഹിക പരിഷ്കർത്താവെന്നും സമുദായ നേതാവെന്നും നവോത്ഥാന നായകനെന്നും ചുരുക്കിക്കളഞ്ഞത്. ഈ ചിന്താഗതി മാറണമെങ്കിൽ മുൻവിധികളില്ലാതെ ഗുരുവിന്റെ ആദ്ധ്യാത്മികതയെ മനസിലാക്കാൻ ശ്രമിക്കണം. യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണ ധ്യാനം സമാധി എന്നീ തലങ്ങളിലൂടെ കടന്ന് പോകാൻ ശ്രമിക്കണം. ഇവിടെ വിശ്വാസങ്ങളല്ല പ്രമാണം മറിച്ച് അനുഭവമാണ്. ഇത് തികച്ചും ഒരു സയൻസാണ്. ആയിരത്താണ്ടുകളായി ഋഷിമാർ സഞ്ചരിച്ച്, ജിജ്ഞാസുക്കൾ, മുമുക്ഷുക്കൾ ഇന്നും സഞ്ചരിക്കുന്ന പന്ഥാവാണിത്.
ഈ പുണ്യദിനം നാം ആചരിക്കേണ്ടത് നമ്മെ നാമാക്കിയ, നമുക്ക് വേണ്ടി തന്റെ ആയുസും വപുസും ആത്മതപസും ബലിയർപ്പിച്ച ആ മഹാഗുരുവിന്റെ പ്രകാശരൂപങ്ങളായ ദർശനത്തെ എന്റെ ജീവിതത്തിൽ ഞാൻ എത്രമാത്രം പ്രാവർത്തികമാക്കാൻ ശ്രമിച്ചെന്നും എന്തുകൊണ്ട് എനിക്ക് ആ മഹാഗുരുവിന്റെ സമീപത്തേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ലെന്നും തിരിച്ചറിയാനുള്ള അവസരമായിട്ടാണ്. ഇത്തരത്തിൽ ചിന്തിക്കാൻ ലഭിക്കുന്ന ഒരസുലഭ മുഹൂർത്തമാണ് മഹാത്മാക്കളുടെ സമാധിദിനങ്ങൾ. അതുകൊണ്ട് ബാഹ്യമായ ആഘോഷങ്ങളിലും, അലങ്കാരങ്ങളിലും, സദ്യവട്ടങ്ങളിലും, സമ്മേളനങ്ങളിലും മനസിനെയും, ശരീരത്തേയും വ്യാപരിപ്പിക്കാതെ ജപധ്യാനത്തിലേക്ക് മനസിനെ വ്യാപരിപ്പിക്കാൻ ശ്രമിക്കണം.
അങ്ങനെ നാം ഉള്ളിലേക്ക് തിരിഞ്ഞുനോക്കാൻ തുടങ്ങുമ്പോൾ തന്നെ ധ്യാനം ആരംഭിക്കുകയായി. അവിടെ ഭയങ്കരങ്ങളായ ചലനങ്ങൾ, വിപ്ലവങ്ങൾ സംഭവിക്കുകയായി. അന്ത:സംഘർഷങ്ങൾക്ക് കാരണഭൂതമായ പലതിനേയും കണ്ടെത്താൻ സാധിക്കും. അങ്ങനെ നമ്മൾക്ക് സ്വയം കണ്ടെത്താൻ സാധിച്ചാൽ അതൊരു വലിയ തിരിച്ചറിവായിരിക്കും. തനിക്ക് മാത്രമല്ല മറിച്ച് മറ്റുള്ളവരെ മനസിലാക്കാൻ ശ്രമിക്കുന്നതിലും ഈ തിരിച്ചറിവ് തിരിച്ചറിവായിരിക്കും. ഇങ്ങനെ ഒരു തിരിച്ചറിവിനു വേണ്ടിയാണ് ഗുരു മനുഷ്യസമുദായത്തെ കാത്തിരിക്കുന്നതും. ഇങ്ങനെ ഒരു മാറ്റം സംഭവിക്കുമ്പോഴാണ് നാം ശരീരമല്ല അറിവാകുന്നു, ശരീരമുണ്ടാകുന്നതിന് മുൻപിലും അറിവായ നാം ഉണ്ടായിരുന്നു, ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടു തന്നെയിരിക്കും എന്ന ഗുരുവിന്റെ അനുഭവം നമ്മിലും സംഭവിക്കുന്നത്. ഇവിടെയാണ് ജീവാത്മ പരമാത്മ ഐക്യം ഉണ്ടാകുന്നത്.
മുൻപ് സൂചിപ്പിച്ച പോലെ കാലദേശങ്ങളുടെ ഉള്ളിൽ വർത്തിക്കുന്ന ജീവനാണ് താൻ എന്ന തെറ്റിദ്ധാരണ മാറി കാലദേശാതിവർത്തിയായി വിരാജിക്കുന്ന അഖണ്ഡബോധമാണ് എന്ന തിരിച്ചറിവ്, ഇതിനെ ആത്മസക്ഷാത്കാരം എന്നും ജീവൻമുക്തി, നിർവാണം എന്നൊക്കെയുള്ള വാക്കുകളിലൂടെ മനസിലാക്കിക്കാൻ മഹർഷിമാർ ശ്രമിക്കുന്നു. കാലദേശങ്ങളുടെ അകത്തുനിന്ന് സംസാരിക്കുമ്പോൾ ഇങ്ങനെയൊക്കെയേ പറയാൻ സാധിക്കൂ.
അപൂർവങ്ങളിൽ അപൂർവമായ മനുഷ്യജന്മവും ഗുരുലാഭവും ലഭിച്ചിട്ട് ഈ അറിവുനേടാതെ ശരീരം വിട്ടുപോകുന്നതാണ് മരണം. അതൊരു തീരാനഷ്ടമാണ്. അതുകൊണ്ട് ചുരുങ്ങിയത് ഗുരുവിന്റെ സമാധിദിനത്തിലെങ്കിലും മത്സ്യമാംസാദികൾ ഒഴിവാക്കി, ലളിതമായ ഭക്ഷണം, ഗുരുവിന്റെ ഭാഷയിൽ പറഞ്ഞാൽ 'കന്നി അഞ്ച് നല്ല ദിനമാണ് വരുന്നവർക്ക്
കഞ്ഞികൊടുക്കണം' . രാവിലെ മുതൽ ഗുരുവിന്റെ കൃതികളുടെ പാരായണവും ഗുരുവിന്റെ മൂലമന്ത്രമായ ഓം ശ്രീനാരായണ പരമഗുരവേ നമ: എന്ന ദിവ്യമന്ത്രം ജപിക്കുക. ഗുരുവിന്റെ സമാധിസമയത്ത് ദൈവദശകം ചൊല്ലി സമർപ്പിച്ച് ആരതിയുഴിയുക. സഹോദരൻ അയ്യപ്പൻ ഗുരുവിന്റെ സമാധിയെകുറിച്ചെഴുതിയ സമാധിഗാനവും ചൊല്ലി സമർപ്പിക്കുന്നത് നല്ലത്. ഉപവാസംഅനുഷ്ഠിക്കുന്നവർക്ക് അതിനുശേഷം കഞ്ഞികുടിച്ച് പിരിയാം.
ഗുരുവിനെ എന്തിന് പൂജിയ്ക്കണം? ഗുരു ദൈവമാണോ? എന്നൊക്കെ പറയുന്നവരും പ്രചരിപ്പിക്കുന്നവരും നിരീശ്വരവാദിയും യുക്തിവാദിയുമായ സഹോദരൻ അയ്യപ്പൻ, ഗുരുവിനെ എങ്ങനെയാണ് തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്നതെന്ന് ചിന്തിക്കണം.
ജരാരുജാമൃതി ഭയ മെഴാ ശുദ്ധ - യശോനിർവാണത്തെയടഞ്ഞ സദ്ഗുരു എന്നും മനോവിജയത്തിൻ തികവാൽ ദിവ്യമാം ഒളിചിതറുമാതിരുമുഖമിനി ഒരു നാളും ഞങ്ങൾക്കൊരു കണ്ണുകാൺമാൻ, കഴിയാതായല്ലോ പരമ സദ്ഗുരോ. കൃപയും, ജ്ഞാനവും, ഫലിതവും കൂടും മധുരപാവനമനോജ്ഞവാണികൾ, ചൊരിയുമാനാവുതിരളാതായല്ലോ, സഹിയുന്നെങ്ങനെ പരമ സദ്ഗുരോ എന്നും തന്റെ ഹൃദയരക്തം കൊണ്ടെഴുതിയ കവിത ഗദ്ഗദകണ്ഠത്തോടെയല്ലാതെ എങ്ങനെ ചൊല്ലാനാവും. മുഖംമൂടികളെടുത്ത് മാറ്റി യഥാർത്ഥ സ്വരൂപത്തെ തിരിച്ചറിഞ്ഞ് ജീവിതം കൃതകൃത്യമാക്കാൻ ഈ വിശ്വഗുരുവിന്റെ മഹാസമാധി ദിനം ഉപകാരപ്പെടട്ടെ.
( ലേഖകൻ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ് )