ഹെെദരാബാദ്: സർക്കാർ കമ്പനി ജീവനക്കാർക്ക് ഒരു ലക്ഷം വരെ ബോണസ്. കേട്ടിട്ട് ഞെട്ടണ്ട, സംഗതി ഉള്ളതാണ്. തെലങ്കാന സർക്കാർ നിയന്ത്രിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാർക്കാണ് ഒരു ലക്ഷം രൂപ വരെ ബോണസ് പ്രഖ്യാപിച്ചത്. ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ജീവനക്കാർക്ക് ഒരു ലക്ഷത്തിൽപരം രൂപ ബോണസ് നൽകാൻ കമ്പനി ഒരുങ്ങുന്നത്. തെലങ്കാന സർക്കാർ നിയന്ത്രിക്കുന്ന സിംഗാരെനി കൊളിയറീസ് കമ്പനി ലിമിറ്റഡിലെ (SCCL) ജീവനക്കാർക്കാണ് 1,00,899 രൂപയാണ് ബോണസ് നൽകുന്നത്. കമ്പനിയുടെ ലാഭവിഹിതം 28 ശതമാനത്തിൽ എത്തിയതോടെയാണ് സർക്കാർ വൻ തുക ബോണസ് പ്രഖ്യാപിച്ചത്.
48000 പേരാണ് എസ്.സി.സി.എൽ കമ്പനിയിൽ ജോലി ചെയ്യുന്നത്. ഒരോവർഷവും കമ്പനിയിൽ ബോണസ് വർദ്ധിപ്പിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ 40,530 രൂപ കൂടുതലാണ് ഈ വർഷത്തെ ബോണസ് തുക. ആന്ധ്രാപ്രദേശ് വിഭജനത്തിന് മുമ്പ് 2013-14ൽ 13,540 രൂപയായിരുന്നു ബോണസ് കൊടുത്തിരുന്നത്. പിന്നീട് ഓരോ വർഷവും ബോണസ് വർദ്ധിപ്പിച്ചതായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കി. ലാഭവിഹിതം കൂടിയതിനെത്തുടർന്ന് 2016 -17ൽ 60,369 രൂപയായി ബോണസ് ഉയർത്തുകയായിരുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,765 കോടി രൂപയുടെ ലാഭമാണ് കൽക്കരി കമ്പനി നേടിയത്. റെക്കോർഡ് ലാഭം കിട്ടിയതാണ് ഉയർന്ന ബോണസിന് കാരണം. 2013 -14ൽ 50.47 മില്യൺ ടൺ കൽക്കരിയാണ് എ.സി.സി.എൽ ഉൽപാദിപ്പിച്ചത്. 2018 -19ൽ കമ്പനി 64.41 മില്യൺ ടൺ കൽക്കരിയാണ് ഉൽപാദിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ ഉയർന്ന ഉൽപാദനമായതിനാൽ 1,765 കോടി രൂപയാണ് കമ്പനിക്ക് ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ഉൽപാദനം വർദ്ധിക്കുകയും ചെയ്തു. ഇപ്പോഴും നല്ലനിലയിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.