സംഘട്ടനം...ത്യാഗരാജൻ. ഒരുകാലത്ത് മലയാള സിനിമാ പ്രേമികളുടെ ഞരമ്പുകളെ ത്രസിപ്പിച്ചിരുന്ന പേരായിരുന്നു ഇത്. സത്യൻ മുതൽ മോഹൻലാൽ വരെയുമുള്ള നടനവൈഭവങ്ങളുടെ മിക്ക ചിത്രങ്ങളിലും സംഘട്ടനരംഗങ്ങൾ ഒരുക്കിയത് ത്യാഗരാജനാണ്. വിവിധ ഭാഷകളിലായി രണ്ടായിരത്തിലധികം സിനിമകൾക്കാണ് ത്യാഗരാജൻ മാസ്‌റ്റർ സംഘട്ടനം ഒരുക്കിയത്.
സ്‌റ്റണ്ട് മാസ്‌റ്റർ പുലികേശിയുടെ സഹായിയാണ് ത്യാഗരാജൻ സിനിമാ ലോകത്ത് എത്തുന്നത്. എന്നാൽ അത്ര സരളമായിരുന്നില്ല തന്റെ ആദ്യകാലങ്ങളിലെ സിനിമാ ജീവിതമെന്ന് മാസ്‌റ്റർ പറയുന്നു. അന്നത്തെ താരചക്രവർത്തിമാരായിരുന്ന എം.ജി.ആറിനും ശിവാജി ഗണേശനും തന്നോട് തുടക്കത്തിൽ കുറച്ച് എതിർപ്പുണ്ടായിരുന്നു. ഫൈറ്റേഴ്‌സിന് ഒരു യൂണിയൻ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളായിരുന്നു അതിന് കാരണം. എന്നാൽ കാലക്രമേണ അത് ഇല്ലാതാവുകയായിരുന്നുവെന്നും മാസ്‌റ്റർ വ്യക്തമാക്കുന്നു. സിനിമാ മേഖലയിൽ നിന്ന് തനിക്ക് ധാരാളം വധഭീഷണികൾ നേരിടേണ്ടി വന്നതായും, എം.ജി.ആർ കാരണമാണ് താൻ ജീവിച്ചിരിക്കുന്നതെന്നും ത്യാഗരാജൻ മാസ്‌റ്റർ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ത്യാഗരാജൻ മാസ്‌റ്ററുടെ വാക്കുകൾ-
'എന്നെ വകവരുത്താൻ സിനിമയ്‌ക്കുള്ളിൽ നിന്നു തന്നെ ശ്രമങ്ങൾ നടന്നിരുന്നു. ഒരു വർഷം 65 പടങ്ങൾക്ക് വരെ ഫൈറ്റ് മാസ്‌റ്റർ ആയിരുന്ന എന്നോട് പലർക്കും പക തോന്നുക സ്വാഭാവികം. എന്നെ വകവരുത്താനായി സകല അഭ്യാസങ്ങളും പഠിച്ച പക്കാ ഗുണ്ടകളെ തന്നെ നിയോഗിക്കപ്പെട്ടിരുന്നു. കഴിക്കുന്ന ഭക്ഷണത്തിൽ വരെ വിഷം ചേർത്തു തന്നിട്ടുണ്ട്. ഈശ്വരാധീനം കൊണ്ടു മാത്രമാണ് അന്ന് ആ ഭക്ഷണം കഴിക്കാതെ ഞാൻ രക്ഷപ്പെട്ടത്. എന്നെ വകവരുത്താനുള്ള ശ്രമങ്ങളെ കുറിച്ച് എം.ജി.ആറിനോട് ഞാൻ പറഞ്ഞു. എന്തുവന്നാലും ഞാൻ നോക്കാമെന്ന് അദ്ദേഹം ഉറപ്പു തന്നു. മദിരാശിയിൽ സിനിമാ പ്രവർത്തകർ ഒത്തുകൂടിയ ഒരു ചടങ്ങിൽ വച്ച് എം.ജി.ആർ പരസ്യമായി പറഞ്ഞു. ത്യാഗരാജന്റെ ശരീരത്തിൽ ഒരുതരി മണ്ണു വീഴ്‌ത്താൻ ഞാൻ അനുവദിക്കില്ല. ആ വാക്കുകൾ എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ഭയപ്പെടുത്തിയിരുന്നു. ഇന്നോ നാളെയോ ഒരു ആക്‌സിഡന്റിലൂടെ ജീവിതം അവസാനിക്കുമെന്ന് കരുതിയിരുന്ന എനിക്ക് എം.ജി.ആർ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഷൂട്ടിംഗിന് പോകുമ്പോഴും വരുമ്പോഴും എന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി പൊലീസ് വണ്ടികൾ അകമ്പടി നൽകി. എം.ജി.ആറിന്റെ ആ കരുതൽ നാലു വർഷം തുടർന്നു'.