navas

വാഹനം ഓടിക്കുന്നതും അതിൽ ദീർഘദൂര യാത്രകൾ ചെയ്യുന്നതും എല്ലാവർക്കും ഇഷ്‌ടമുള്ള കാര്യങ്ങളാണ്. എന്നാൽ പലപ്പോഴും ശരിയായ വിശ്രമമില്ലാതെ നടത്തുന്ന ദീർഘദൂര യാത്രകൾ അപകടത്തിൽ ചെന്ന് അവസാനിക്കാറാണ് പതിവ്. ഇതിന് പരിഹാരമായി ക്ഷീണം തോന്നുന്ന നിമിഷത്തിൽ തന്നെ വാഹനം റോഡിന്റെ വശത്ത് വാഹനം നിറുത്തി വിശ്രമിക്കണമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. എന്നാൽ പലരും ഇതൊന്നും ശ്രദ്ധിക്കാതെ അപകടത്തിൽ ചെന്ന് ചാടുകയും ചെയ്യും. ഇത്തരത്തിലൊരു അനുഭവമാണ് നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന് പറയാനുള്ളത്. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് പരിപാടിയിലാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

അന്ന് ഒരു പരിപാടി കഴിഞ്ഞ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഞാൻ. സാധാരണ ഇങ്ങനെ വന്നാൽ എറണാകുളത്തെ ഉമ്മയുടെ വീട്ടിൽ തങ്ങാറാണ് പതിവ്. എന്നാൽ പിറ്റേന്ന് പെരുന്നാൾ ആയതിനാൽ ഒരൽപ്പം വൈകിയാലും വീട്ടിലേക്ക് പോകാമെന്ന ധാരണയിൽ ഞാൻ എന്റെ മാരുതി 800 വാഹനം ഓടിച്ചുപോയി. തൃശൂർ എത്തിയപ്പോഴേക്കും ഞാൻ അമിതമായി ക്ഷീണിച്ചിരുന്നു. ഒന്ന് രണ്ട് തവണ എന്റെ കണ്ണുകൾ അടഞ്ഞുപോയി. രാത്രി പത്ത് മണി കഴിഞ്ഞപ്പോൾ തൃശൂർ നഗരം പിന്നിട്ടു. മുളങ്കുന്നത്തുകാവ് എന്ന സ്ഥലമെത്തിയപ്പോൾ പിന്നെ എനിക്കൊന്നും ഓർമയില്ല. കണ്ണ് തുറക്കുമ്പോൾ എന്റെ കാർ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറി നിൽക്കുകയാണ്. വീട്ടുകാരെല്ലാം കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടുന്നു. ആദ്യമൊന്നും എനിക്ക് ഒന്നും മനസിലായില്ല. എന്റെ ശരീരത്തിൽ ആകെ മരവിപ്പായിരുന്നു. പിന്നീട് പതുക്കെ ഞാൻ കാറിന് പുറത്തേക്കിറങ്ങി. ഭാഗ്യത്തിന് ശരീരത്തിൽ ഒരുപോറൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ എന്റെ വണ്ടി കണ്ടപ്പോൾ ഞാനാകെ തകർന്ന് പോയി. അതിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നേ പറയൂ. അത്രയ്‌ക്ക് തകർന്ന് പോയി. പിന്നീട് രാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ ക്ഷീണം തോന്നിയാൽ അപ്പോൾ തന്നെ വാഹനം നിറുത്തി ഉറങ്ങുന്നത് ഞാൻ പതിവാക്കിയെന്നും താരം വ്യക്തമാക്കി.