texas

ഹൂസ്റ്റൺ: ഞായറാഴ്ച 'ഹൗഡി മോദി' പരിപാടി നടക്കാനിരിക്കുന്ന അമേരിക്കയിലെ ടെക്സാസിൽ ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒന്നിച്ച് വേദി പങ്കിടുന്ന 'ഹൗഡി മോദി' നടക്കുന്ന ഹൂസ്റ്റണിൽ വൻതോതിൽ നാശനഷ്ടങ്ങളുണ്ടായി. പ്രളയത്തിൽപ്പെട്ട് 2പേർ മരിച്ചതോടെ ടെക്സാസിൽ പലയിടത്തും ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച മുതലാണ് ടെക്സാസിൽ ശക്തമായ മഴ ആരംഭിച്ചത്. നിരവധി സ്ഥലങ്ങൾ പ്രളയബാധിതമായി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിരവധിയിടങ്ങളിൽ വൈദ്യുതി മുടങ്ങി. ജനങ്ങൾ വീടിനുള്ളിൽത്തന്നെ കഴിയാനും സുരക്ഷാ മുൻകരുതലെടുക്കാനും അധികൃതർ നിർദ്ദേശിച്ചു. തെക്കുകിഴക്കൻ ടെക്സാസിലെ 13 കൗണ്ടികളിൽ ഗവർണർ ഗ്രേഗ് അബ്ബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കാലാവസ്ഥ വില്ലനായതോടെ ഹൗഡി മോദി പരിപാടിക്കുള്ള ഒരുക്കങ്ങൾ ആശങ്കയിലാണ്. എന്നാൽ മഴ മാറുമെന്നും ജനങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ വ്യക്തമാക്കി. 1500ഓളം വോളണ്ടിയർമാർ രാപ്പകൽ ഭേദമെന്യേ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.

പരിപാടിയിൽ പങ്കെടുക്കാൻ 50,000 അമേരിക്കൻ ഇന്ത്യക്കാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരെല്ലാവരും അമേരിക്കൻ പൗരൻമാരും വോട്ടർമാരുമാണ്. ട്രംപിന് പുറമെ ഗവർണർമാർ, യു.എസ് കോൺഗ്രസ് അംഗങ്ങൾ, മേയർമാർ തുടങ്ങി ഉന്നത അമേരിക്കൻ അധികൃതരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.