vikranath

കൊച്ചി: നാവിക സേനയ്ക്കുവേണ്ടി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്‌ക്കും അനുബന്ധ ഉപകരണങ്ങളും മോഷണം പോയ സംഭവം അതീവ ഗുരുതരമെന്ന് പൊലീസ്. മോഷണം പോയത് കപ്പലിന്റെ അതീവ രഹസ്യസ്വഭാവമുള്ള രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളുമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതുസംബന്ധിച്ച് കൊച്ചി കമ്മിഷണർ വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ക്രൈം ഡിറ്റാച്ച്‌മെന്റിന്റെ അന്വേഷണം പുരോഗമിക്കെ കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും കപ്പൽശാലയിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. കൂടാതെ നാവിക വ്യോമ സേന വിഭാഗങ്ങളിലെയും വ്യവസായ സുരക്ഷാ സേനയിലെയും അംഗങ്ങൾ ചേർന്ന പ്രത്യേക സംഘവും അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. കപ്പൽ ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് ആഗസറ്റ് 28 ന് ശേഷമാണ് ഹാർഡ് ഡിസ്‌ക്കുകൾക്കൊപ്പം മൂന്ന് മൈക്രോ ചിപ്പുകളും ആറ് റാൻഡം ആക്സസ് മെമ്മറിയും മൂന്ന് സി.പി.യുവും നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാരപ്രവർത്തനിന്റെ സാദ്ധ്യതയുൾപ്പെടെ അന്വേഷിക്കുന്നുണ്ടെങ്കിലും ബിസിനസ് അട്ടിമറി ശ്രമമാണോ കവർച്ചയ്‌ക്ക് പിന്നിലെന്നും സംശയിക്കുന്നുണ്ട്. വിദേശകപ്പൽ ശാലയിൽ സുരക്ഷാ പാളിച്ചകൾ ഉണ്ടെന്നു വരുന്നത് വൻ പദ്ധതികൾ നഷ്‌ടപ്പെടാൻ വഴിയൊരുക്കും.

നിലവിൽ കപ്പലിൽ കംപ്യൂട്ടർ ഇരിക്കുന്ന ഭാഗത്ത് 52 പേർക്കാണ് പ്രവേശിക്കാൻ അനുമതി ഉള്ളത്. ഇതോടൊപ്പം പുറത്തുനിന്നുള്ള ഏജൻസി ഏർപ്പാടാക്കിയ 82 പേരും കപ്പലിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്‌തു മൊഴി രേഖപ്പെടുത്തുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഇപ്പോൾ പുരോഗമിക്കുന്നത്.

20,000 കോടി രൂപയുടെ വിമാനവാഹിനി കപ്പലിന്റെ നിർമാണം പൂർത്തിയാക്കിയതിനു ശേഷം സേനയ്ക്കു വേണ്ടി രണ്ടാമത്തെ വിമാനവാഹിനി നിർമിക്കാൻ കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. വിദേശ കരാർ ഉൾപ്പെടെ ഏറ്റെടുക്കാൻ തയ്യാറായി നിൽക്കവേയാണ് കപ്പൽശാലയുടെ സുരക്ഷയെ അടക്കം വെല്ലുവിളിച്ച് കവർച്ചാ ശ്രമം നടന്നത്. നിരവധി കരാർ ജീവനക്കാർ ജോലി ചെയ്യുന്നതുകൊണ്ടു തന്നെ അന്വേഷണം ചാരപ്രവർത്തി സംഭവത്തിലുണ്ടോ എന്ന സംശയവും ശക്തമാകുന്നുണ്ട്. ഇതിനിടെ മോഷണം പോയ ഹാർഡ് ഡിസ്‌കിലെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത കമ്പനിയോട് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ലഭ്യമായാൽ അന്വേഷണത്തിന് കൂടുതൽ വ്യക്തതയുണ്ടാവുമെന്നാണ് നിഗമനം.