കൊച്ചി: കോർപറേറ്റ് നികുതിയിളവ് പ്രഖ്യാപനം ഇന്നലെ ഓഹരി വിപണിക്ക് ആവേശക്കുതിപ്പ് സമ്മാനിച്ചു. കഴിഞ്ഞ 10 വർഷത്തെ ഏറ്റവും ഉയർന്ന ഏകദിന നേട്ടമാണ് ഇന്നലെ സൂചികകൾ കൊയ്തത്. സെൻസെക്സ് ഒരുവേള 2011 പോയിന്റും നിഫ്റ്റി 600 പോയിന്റും മുന്നേറി. നിക്ഷേപക മൂല്യത്തിൽ 6.82 ലക്ഷം കോടി രൂപ വർദ്ധിച്ചു.
വൈകിട്ടോടെ, നേട്ടം 1921 പോയിന്റായി കുറച്ച സെൻസെക്സ് 38,014ലും നിഫ്റ്റി 569 പോയിന്റ് ഉയർന്ന് 11,274ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിക്കുതിപ്പ് രൂപയ്ക്കും നേട്ടമായി. ഡോളറിനെതിരെ 39 പൈസ ഉയർന്ന് 70.94ലാണ് രൂപ വ്യാപാരാന്ത്യമുള്ളത്. വാഹനം, ബാങ്കിംഗ്, കാപ്പിറ്റൽ ഗുഡ്സ്, എണ്ണ, ഫിനാൻസ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഊർജം, ലോഹം, ടെലികോം ഓഹരികൾ ഇന്നലെ 9.85 ശതമാനം വരെ മുന്നേറി.
ഹീറോ മോട്ടോർകോർപ്പ്, മാരുതി സുസുക്കി, എസ്.ബി.ഐ., ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയാണ് ഇന്നലെ ഏറ്രവും ഉയർന്ന നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികൾ.
₹6.82 ലക്ഷം കോടി
ഇന്നലെ സെൻസെക്സിലെ നിക്ഷേപകർക്കുണ്ടായ നേട്ടം 6.82 ലക്ഷം കോടി രൂപയാണ്. 138.54 ലക്ഷം കോടി രൂപയിൽ നിന്ന് 145.37 ലക്ഷം കോടി രൂപയാണ് സെൻസെക്സിന്റെ മൂല്യമുയർന്നത്.
2011 പോയിന്റ്
ഇന്നലെ സെൻസെക്സ് ഒരുവേള 2011 പോയിന്റും നിഫ്റ്റി 600 പോയിന്റും ഉയർന്നിരുന്നു. കഴിഞ്ഞ പത്തുവർഷത്തെ ഏറ്രവും മികച്ച ഏകദിന കുതിപ്പാണിത്. സെൻസെക്സിന്റെ ഇതിനു മുമ്പത്തെ നേട്ടങ്ങൾ:
മേയ് 20, 2019 : 1421*
മാർച്ച് 1, 2016 : 777
ഒക്ടോ.12, 2018 : 732
ജനു.15, 2015 : 728
സെപ്തം.10, 2013 : 727
സർക്കാരിന് നഷ്ടം
₹1.45 ലക്ഷം കോടി
പുതിയ നികുതി ഇളവുകളിലൂടെ സർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം കണക്കാക്കുന്നു. നടപ്പുവർഷം 16.5 ലക്ഷം കോടി രൂപ നികുതി വരുമാനമാണ് ബഡ്ജറ്റിൽ പ്രതീക്ഷിച്ചിരുന്നത്. വരുമാനം കുറയുന്നതോടെ ധനക്കമ്മി കൂടാൻ സാദ്ധ്യതയുണ്ട്. ഇത് ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. നടപ്പുവർഷം ജി.ഡി.പിയുടെ 3.3 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുകയാണ് ലക്ഷ്യം.
''പുതിയ നികുതി ഇളവുകൾ 'മേക്ക് ഇൻ ഇന്ത്യ' കാമ്പെയിന് കരുത്താകും. നിക്ഷേപം കൂടും. വ്യവസായ രംഗത്ത് സാമ്പത്തിക ഇടപെടലുകളും തൊഴിൽ അവസരങ്ങളും വർദ്ധിക്കും. ഇത് സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ"
-നിർമ്മല സീതാരാമൻ, ധനമന്ത്രി
വ്യവസായ മേഖലയ്ക്ക്
വൻ നേട്ടമാകും
കോർപറേറ്ര് നികുതി കുറച്ചത് വ്യവസായ മേഖലയ്ക്ക് വൻ നേട്ടമാകും. കമ്പനികളുടെ വരുമാനം വർദ്ധിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപവും (എഫ്.ഡി.ഐ ) വിദേശ ധനകാര്യ സ്ഥാപന (എഫ്.ഐ.ഐ ) നിക്ഷേപവും കൂടും. ഉപഭോക്തൃ ഡിമാൻഡ് വർദ്ധിക്കും. കൂടുതൽ മാനുഫാക്ചറിംഗ് യൂണിറ്റുകൾ (ഫാക്ടറികൾ) തുറക്കും. ഇത്, തൊഴിലവസരവും സമ്പദ്വളർച്ചയും കൂടാൻ സഹായകമാകും.
മത്സരക്ഷമത കൂടും
കോർപറേറ്റ് നികുതി കുറച്ചതോടെ വ്യവസായ രംഗത്ത് ഏഷ്യയിൽ ഇന്ത്യയുടെ മത്സരക്ഷമത വർദ്ധിക്കും. 25.17 ശതമാനമാണ് ഇന്ത്യയിൽ നികുതി. മറ്റു രാജ്യങ്ങളിലേത് ഇങ്ങനെ:
ജപ്പാൻ : 30.6%
ചൈന : 25%
ദക്ഷിണ കൊറിയ : 25%
മലേഷ്യ : 24%
സിംഗപ്പൂർ : 17%
വിയറ്റ്നാം : 20%
തായ്ലൻഡ് : 20%
ഹോങ്കോംഗ് : 16.5%
സർക്കാരിന്
ക്ഷീണമാകും
സമ്പദ്സ്ഥിതിക്ക് ദോഷം ചെയ്യുന്നതാണ് കോർപറേറ്റ് നികുതി ഇളവ്. വരുമാനം കുറയുന്നതിനാൽ ധനക്കമ്മി ലക്ഷ്യം കാണുക പ്രയാസമാകും. ധനക്കമ്മി പിടിച്ചു നിറുത്താൻ കൂടുതൽ കടമെടുക്കാനും സർക്കാർ നിർബന്ധിതരാകും. ജി.ഡി.പിയുടെ 3.3 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുകയാണ് ലക്ഷ്യം. എന്നാൽ, വരുമാനം കുറയുമെന്നതിനാൽ ഇത് നാല് ശതമാനമായാലും അദ്ഭുതപ്പെടേണ്ട.
6.82%
കോർപ്പറേറ്റ് നികുതിയിളവ് വരുമാനനഷ്ടം ഉണ്ടാക്കുമെന്നതിനാൽ കേന്ദ്രസർക്കാർ പൊതു വിപണിയിൽ നിന്ന് കൂടുതൽ പണം കടമെടുക്കാൻ നിർബന്ധിതരാകും. ഇത് കടപ്പത്ര വിപണിക്ക് നേട്ടമാകുന്ന നീക്കമാണെന്നതിനാൽ ഇന്നലെ ബോണ്ട് യീൽഡ് (കടപ്പത്രത്തിൽ നിന്നുള്ള റിട്ടേൺ നിരക്ക്) 6.64 ശതമാനത്തിൽ നിന്ന് 6.82 ശതമാനമായി ഉയർന്നു.
'കിട്ടാക്കട" പ്രഖ്യാപനമില്ല:
എം.എസ്.എം.ഇകൾക്ക് ആശ്വാസം
തിരിച്ചടവ് മുടങ്ങിയ എം.എസ്.എം.ഇ വായ്പകൾ 2020 മാർച്ച് 31വരെ കിട്ടാക്കടമായി (എൻ.പി.എ) പ്രഖ്യാപിക്കരുതെന്ന് ബാങ്കുകളോട് ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 90 ദിവസം വരെ തിരിച്ചടവ് മുടങ്ങിയാൽ വായ്പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കാറുണ്ട്. ഇതിനുപകരം ഈവർഷം, സംരംഭകരുമായി ചർച്ച ചെയ്ത് വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം ബാങ്കുകൾ നൽകും.
ഉപഭോഗം കൂട്ടാൻ
വായ്പാ മേള
ഉത്സവകാലത്തോട് അനുബന്ധിച്ച് പൊതു വിപണിയിൽ പണലഭ്യതയും അതുവഴി ഉപഭോക്തൃ ഡിമാൻഡും കൂട്ടാനായി രാജ്യത്തെ 400 ജില്ലകളിൽ ബാങ്കുകൾ വായ്പാ മേള നടത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ബാങ്കുകൾ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിക്കും. മേളയ്ക്ക് അടുത്തമാസം മൂന്നിന് തുടക്കമാകും. കേന്ദ്രമന്ത്രിമാരും എം.പിമാരും മേളയിൽ പങ്കെടുക്കും. കാർഷിക, ഭവന, എം.എസ്.എം.ഇ., വാഹന വായ്പകളായിരിക്കും മേളയിലൂടെ ലഭ്യമാക്കുക.
സ്വർണവില താഴേക്ക്
ഓഹരി വിപണിയിലേക്ക് നിക്ഷേപം ഒഴുകുകയും രൂപയുടെ മൂല്യം മെച്ചപ്പെടുകയും ചെയ്തതോടെ ഇന്നലെ സ്വർണവില താഴ്ന്നു. ഗ്രാമിന് 20 രൂപ താഴ്ന്ന് വില 3,480 രൂപയായി. പവൻവില
27,680 രൂപയാണ്. കുറഞ്ഞത് 160 രൂപ.